
കോട്ടയം : അടിച്ചിറ, പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ കാരിത്താസ് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. പരശുറാം എക്‌സ്‌പ്രസ് കടന്നു പോകുന്നതിനു അരമണിക്കൂർ മുൻപ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻദുരന്തമാണ് ഒഴിവായത്. കീമാൻമാൻ പി.എസ് പ്രശാന്ത് രാവിലെ ട്രാക്കിൽ പരിശോധന നടത്തുന്നതിനിടെയാണ് ഇത് കാണുന്നത്. പിറവം സെക്ഷൻ എൻജിനിയർ അബ്ദുൾ സൂരജിന്റെ നേതൃത്വത്തിലെത്തിയ സംഘം വിള്ളൽ ഉണ്ടായ റെയിൽ മാറ്റി സ്ഥാപിച്ചു. വെൽഡിംഗ് തകരാറാണ് വിള്ളലിന് കാരണമെന്നാണ് പറയുന്നത്. പരശുറാം, ശബരി എക്‌സ്‌പ്രസും, കൊല്ലം - എറണാകുളം മെമുവും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. വിള്ളൽ പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ചാണ് ഓടിയത്.