kochetan

പാലാ : സംസ്ഥാന വെറ്ററൻസ് മീറ്റിൽ ''കണ്ടനാട്ടെ കുടുംബവിശേഷം''. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ച വെറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ (വാഫി) സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കണ്ടനാട്ടെ കൊച്ചേട്ടനും മകൻ ഫെലിക്‌സും അനിയൻ ചാണ്ടി എന്ന കുഞ്ഞൂഞ്ഞിന്റെ മകൻ ടോബിനും ടോബിന്റെ ഭാര്യ ആശയുമൊക്കെ മത്സരിക്കാനിറങ്ങി. 85 വയസിന് മുകളിലുള്ളവുടെ ഓട്ടത്തിൽ കൊച്ചേട്ടനെന്ന കെ.സി. ജോസഫ് 100 , 400, 800 മീറ്ററിൽ സ്വർണ്ണക്കുതിപ്പ് നടത്തി. മുൻ ദേശീയ, അന്തർദേശീയ വെറ്ററൻസ് മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്തിട്ടുള്ള കൊച്ചേട്ടന് പ്രായം 87. പക്ഷെ കായികക്ഷമതയിൽ കൊച്ചേട്ടനെ വെല്ലാനാകില്ല. കഴിഞ്ഞ വർഷം മലേഷ്യയിൽ നടന്ന അന്തർദേശീയ വെറ്ററൻസ് ചാമ്പ്യൻഷിപ്പിൽ നടത്തത്തിൽ രണ്ടാംസ്ഥാനമുണ്ടായിരുന്നു. മുത്തോലി പഞ്ചായത്തംഗം, മുത്തോലി സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മകൻ ഫെലിക്‌സ് 5000 മീറ്റർ നടത്തത്തിൽ (50 വയസിന് മുകളിൽ) മൂന്നാം സ്ഥാനം നേടി. കൊച്ചേട്ടന്റെ അനുജൻ ചാണ്ടി എന്ന കുഞ്ഞൂഞ്ഞിന്റെ മകൻ ടോബിൻ കെ. അലക്‌സ് 5000 മീറ്റർ നടത്തത്തിൽ (40 വയസിന് മുകളിൽ) മൂന്നാം സ്ഥാനം നേടി.


ഫോട്ടോ അടിക്കുറിപ്പ്
കൊച്ചേട്ടൻ മകൻ ഫെലിക്‌സിനും അനിയന്റെ മകൻ ടോബിൻ കെ. അലക്‌സിനുമൊപ്പം പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ.


പാലാ : സംസ്ഥാന വെറ്ററൻസ് മീറ്റ് തൃശൂരുകാരൻ അഡ്വ. വി. ഗിരീശന്റെയും, ഭാര്യ ജി. ശ്രീകലയുടെയും കുടുംബകാര്യം കൂടിയാണ്. 45 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലെ 5000 മീറ്റർ നടത്തത്തിൽ സ്വർണ്ണം ശ്രീകലയ്ക്കായിരുന്നു. 100 മീറ്റർ ഓട്ടത്തിൽ വെങ്കലം. അഡ്വ. ഗിരീശനാകട്ടെ കബഡിയിലും ബാഡ്മിന്റണിലുമൊക്കെ തിളങ്ങിയ താരമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും കേരള ടീമിന്റെയും കബഡി ടീം ക്യാപ്ടനായിരുന്നു. പ്രഥമ ഇന്റർ യൂണിവേഴ്‌സിറ്റി കബഡി ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. വെറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റാണ് ഗിരീശൻ, ഒപ്പം തൃശൂർ കോടതിയിലെ അഭിഭാഷകനും. ശ്രീകല ഫെഡറേഷനിലെ 19 അംഗ കമ്മിറ്റിയിലെ ഏക വനിതാ അംഗമാണ്. ചിറ്റിലപ്പള്ളി എൻജിനിയറിംഗ് കോളേജിലെ ഗോപികാ ഗിരീശൻ, മുൻ ദേശീയ സ്‌കൂൾ ബാഡ്മിന്റൺ താരം ഗൗതം ഗിരീശൻ എന്നിവരാണ് മക്കൾ.

സുനിൽ പാലാ

ഫോട്ടോ അടിക്കുറിപ്പ്

അഡ്വ. വി. ഗിരീശനും ഭാര്യ ജി. ശ്രീകലയും പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ (ചിത്രം സുനിൽപാലാ)

.......................................