
രണ്ടുപേർ പിടിയിൽ
കോട്ടയം : സഹായം അഭ്യർത്ഥിച്ചെത്തിയശേഷം വീട്ടുകാരെ കബളിപ്പിച്ച് മൊബൈൽ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പുതുപ്പള്ളി കൈതേപ്പാലം ഐയ്യക്കുന്നേൽ സുമോദ് (56), പുതുപ്പള്ളി തച്ചുകുന്ന് ഓലേടത്ത് അനീഷ് (മാമാ അനീഷ്,44) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുതുപ്പള്ളി ഭാഗത്തുള്ള മദ്ധ്യവയസ്‌കയുടെ വീട്ടിൽ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് എത്തുകയും സിറ്റൗട്ടിൽ ഇരുന്ന ഇവരുടെ ഭർത്താവിനോട് ഇതേക്കുറിച്ച് സംസാരിച്ച് ശ്രദ്ധ തിരിപ്പിച്ചശേഷം കസേരയിലിരുന്ന 38,000 രൂപ വില വരുന്ന ഫോണുമായി മുങ്ങുകയുകമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ യു.ശ്രീജിത്ത്, എസ്.ഐമാരായ കെ.സി രാജു, ശ്രീനിവാസ്, സി.പി.ഒമാരായ അജേഷ്, വിവേക്, അനൂപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. അനീഷ് ഈസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇരുവരെയും റിമാൻഡ് ചെയ്തു.