വാഴൂർ: ബന്ധുവീട്ടിലെത്തിയയാൾക്ക് കുറുനരിയുടെ കടിയേറ്റു. വിദേശ മലയാളിയും കൊച്ചി സ്വദേശിയുമായ ശ്രീകുമാർപിള്ള (60)ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വാഴൂർ തീർത്ഥപാദപുരം കൃഷ്ണപുരം പയറ്റുകാലായിൽ മുരളീധരൻനായരുടെ വീട്ടിലെത്തിയതായിരുന്നു ശ്രീകുമാർപിള്ള. ഇവരുടെ പുരയിടത്തിൽ അവശനിലയിൽ കണ്ടെത്തിയ കുറുനരിയുടെ അടുത്തെത്തി നോക്കുമ്പോൾ ശ്രീകുമാർപിള്ളയുടെ വലതുകാലിന്റെ വിരലിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ചേർപ്പുങ്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കുറുനരയുടെ ശല്യം വ്യാപകമാണ്. മൂന്നുമാസം മുൻപ് കുറുനരിയുടെ കടിയേറ്റ് നാല് പശുക്കൾ ചത്തിരുന്നു.