
കിടങ്ങൂർ : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കൈപ്പുഴ പള്ളിത്താഴെ കല്ലുവേലിൽ ധനേഷ് മോൻ ഷാജിയെ (26) ആണ് കാണാതായത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ സുഹൃത്തിനൊപ്പം കിടങ്ങൂരിന് സമീപം ചെക്ക് ഡാമിൽ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു. കഴിഞ്ഞ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നു. കലങ്ങിയ നിലയിലാണ് വെള്ളം. ഡാമിന്റെ കരയിൽ അപകടസൂചന ബോർഡ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. 12 പേർ ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്. കിടങ്ങൂർ പൊലീസും, ഫയർ ഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ധനേഷിനെ കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കാണ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി. ഈരാറ്റപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും തെരച്ചിലിൽ പങ്കെടുത്തു. ഇന്ന് രാവിലെ ഏഴിന് തെരച്ചിൽ തുടരും.