ക്ഷേത്രനഗരിയുടെ പന്ത്രണ്ട് ദിനരാത്രങ്ങൾ ഇനി ആഘോഷത്തിന്റേതായിരിക്കും. അഷ്ടമി നാളുകളിലെ പ്രൗഢഗംഭീരമായ എഴുന്നള്ളത്തുകളിൽ താള, വാദ്യകലകളുടെ കുലപതിമാരുടെ മേളപ്പെരുക്കങ്ങൾ തീർക്കും. ദക്ഷിണേന്ത്യയിലെ പേരെടുത്ത കലാകാരന്മാർ നാദശരീരന്റെ കലാമണ്ഡപത്തിൽ സംഗീത, നാട്യ, നടനവിരുന്നൊരുക്കും. ഒപ്പം നിരവധി ക്ഷേത്രകലാരൂപങ്ങളും അരങ്ങേറും. ഒൻപതാം ഉത്സവനാളിലാണ് മഹാദേവക്ഷേത്രത്തിലെ കഥകളിത്തട്ടുണരുക.

ആചാരങ്ങളിൽ വേറിട്ട്

പരശുരാമനാൽ കൽപ്പിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന താന്ത്രിക അനുഷ്ഠാനങ്ങളിൽ വ്യതിചലിക്കാത്ത കൃത്യത പുലർത്തുമ്പോഴും മനുഷ്യഗന്ധിയായ ജീവിത മുഹൂർത്തങ്ങൾ ഇഴചേർന്ന ആചാരങ്ങളാണ് മഹാദേവക്ഷേത്രത്തെ വേറിട്ട് നിറുത്തുന്നത്. അഷ്ടമി നാൾ രാത്രിയിലെ അഷ്ടമിവിളക്കിന് താരകാസുരനെ നിഗ്രഹിക്കാൻ പുറപ്പെട്ട മകനും ദേവസേനാപതിയുമായ ഉദയനാപുരത്തപ്പനെ കാത്ത് ആകുലചിത്തനായി, വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ, ആർഭാടങ്ങളില്ലാതെ എഴുന്നള്ളി നിൽക്കുന്ന വൈക്കത്തപ്പനും വിജയശ്രീലാളിതനായി എത്തുന്ന ശ്രീമുരുകനെ വഴി നീളെ നിലവിളക്കുകൾ നിരത്തി, പുഷ്പവൃഷ്ടിയോടെ ഭക്തർ എതിരേൽക്കുന്നതും പിതൃ, പുത്ര സംഗമത്തിന് സാക്ഷിയാകാൻ ദേശത്തെ മറ്റ് ദേവീദേവന്മാർ എഴുന്നള്ളിയെത്തുന്ന അഷ്ടമിവിളക്കും പുത്രനെ യാത്രയയച്ച വൈക്കത്തപ്പന്റെ ദുഖവുമെല്ലാം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

121 പറ അരിയുടെ പ്രാതൽ

വൈക്കത്തഷ്ടമി 23നാണ്. അഷ്ടമി ദിവസം 121 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്. അന്ന് രാവിലെ 4.30ന് അഷ്ടമിദർശനം. പ്രാതലാണ് അന്നദാനപ്രഭുവെന്നറിയപ്പെടുന്ന മഹാദേവരുടെ ഇഷ്ടവഴിപാട്. വൈക്കം മഹാദേവക്ഷേത്രത്തിൽ ഭക്തർക്കായൊരുക്കുന്ന വിഭവസമൃദ്ധമായ പ്രാതൽസദ്യ ഒരുനാളും മുടങ്ങാറുമില്ല.

കൊടിപ്പുറത്ത് വിളക്ക് ഇന്ന് രാത്രി 9ന്
ഉത്സവബലിദർശനം 16,17,19,22 തീയതികളിൽ
കൂടിപ്പൂജവിളക്ക് 17ന് രാത്രി 11ന്
തേരോഴി രാമക്കുറുപ്പിന്റെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചാരിമേളം 18ന് രാവിലെ 11ന്
ചോറ്റാനിക്കര വിജയൻമാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം 19ന് വൈകിട്ട് 5ന്
ഋഷഭവാഹനം എഴുന്നള്ളിപ്പ് 18ന് രാത്രി 11ന്
ഗജപൂജ 20ന് രാവിലെ 8ന്, ആനയൂട്ട് വൈകിട്ട് 4ന്
മേജർസെറ്റ് കഥകളി 20ന് രാത്രി 9ന്
വലിയവിളക്ക് 21ന് രാത്രി 11ന്
ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ നൃത്തനൃത്യങ്ങൾ 22ന് വൈകിട്ട് 7.30ന്
അഷ്ടമിദർശനം 23ന് പുലർച്ചെ 4.30 മുതൽ
ഉദയനാപുരത്തപ്പന്റെ വരവ് രാത്രി 11ന്
അഷ്ടമിവിളക്ക് രാത്രി 2ന്
ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് 3.30ന്
ആറാട്ടെഴുന്നള്ളിപ്പ് 24ന് വൈകിട്ട് 6ന് ഉ
ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജവിളക്ക് രാതി 11ന്‌