road

കുമരകം : പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, താങ്ങു കുറ്റികളിൽ കുത്തിപ്പൊക്കി നിറുത്തിയ പാലങ്ങൾ, പോളയും, മാലിന്യവും നിറഞ്ഞ് നീരൊഴുക്കു നിലച്ച തോടുകൾ.... ലോക ടൂറിസം മാപ്പിൽ ഇടംപിടിച്ച കുമരകത്തെ കാഴ്ചകളാണിത്.

അധികൃതരുടെ അവഗണന പിന്നോട്ടടിപ്പിക്കുന്നത് ഈ കൊച്ചുഗ്രാമത്തിന്റെ ടൂറിസം സ്വപ്നങ്ങളാണ്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി അറ്റകുറ്റപ്പണിയില്ലാതെ പഞ്ചായത്ത് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി.

കോട്ടയം - കുമരകം റോഡും, ബോട്ടുജെട്ടി - നസ്രത്ത്പള്ളി റോഡും ജി 20 ഷെർപ്പ യോഗങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി റീ ടാർ ചെയ്തിരുന്നു. ചതുപ്പ് പ്രദേശങ്ങളിലെ ഇടറോഡുകൾ കൃത്യമായി പരിപാലിച്ചില്ലെങ്കിൽ ടാറിംഗ് ഇളകി ചെളിമണ്ണ് മുകളിലേക്ക് വരും.

പലയിടത്തും ഇതാണ് കാഴ്ച. മഴ പെയ്താൽ പിന്നെ പറയുകയേ വേണ്ട. വാഹനയാത്ര ദുഷ്ക്കരമാകും. എന്തിന് കാൽനടയാത്ര പോലും അസാദ്ധ്യം. വലിയ ഭാരവാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള പൊതുമരാമത്ത് റോഡുകളേക്കാൾ താരതമ്യേന ചെലവ് കുറച്ചാണ് പഞ്ചായത്ത് റോഡുകളുടെ നിർമ്മാണം. വാർഷിക പദ്ധതി വിഹിതം യഥാസമയം ലഭിക്കാത്തതാണ് വികസന പ്രവർത്തനങ്ങൾ തടസപ്പെടുന്നതെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. കരാറുകാർ ഏറ്റെടുക്കുന്ന മരാമത്ത് പണികൾ തൻവർഷം പൂർത്തീകരിക്കാതെ സ്‌പിൽ ഓവറാകുകയാണ്. നിരവധി തുകയാണ് ലാപ്‌സാകുന്നത്.

ഭാഗ്യത്തിന്റെ അകമ്പടിയിൽ മറുകരയെത്താം

മാളേക്കൽ നടപ്പാലത്തിലൂടെ പോകുന്നവർ ഒന്നു ശ്രദ്ധിക്കണം. നടപ്പാലത്തിന്റെ ഒരു ഭാഗത്തെ നടക്കല്ലുകൾ തകർന്നു തോട്ടിൽ വീണ നിലയിലാണ്. ഇതുവഴി വേണം കുമരകം മൂന്നാം വാർഡിലെ മങ്കുഴി നിവാസികൾക്ക് പ്രധാന റോഡിലെത്താൻ. ജീവനിൽ ഭയന്ന് പലരും ഇപ്പോൾ നടപ്പാലം ഉപയോഗിക്കാൻ മടിക്കുകയാണ്. ഇനി മറുകര കടക്കണമെങ്കിൽ കുറെ ദൂരം നടന്ന് കാരിക്കത്ര പാലം കയറണം. ഇതും ഏത് നിമിഷവും നിലംപൊത്താം.

പൂങ്കശ്ശേരി പാലം ദേ കിടക്കണ്

കുമരകം മൂന്നാം വാർഡിലെ ചുളഭാഗം പൂങ്കശ്ശേരി പാലം തകർന്നുവീണത് രണ്ടാഴ്ച മുൻപാണ്. ഭാഗ്യം കൊണ്ട് ആളപായമുണ്ടായില്ല. നടകൾ തോട്ടിലേക്ക് പതിച്ചതോടെ പാലത്തിലേക്ക് കാലുവെയ്ക്കാൻ ഇപ്പോൾ തരമില്ല. ഇതോടെ പ്രദേശവാസികളുടെ യാത്രാദുരിതം ഇരട്ടിയായി. പാലത്തിന്റെ പടിഞ്ഞാറേകരയിൽ കല്ലുകെട്ടി ഉയർത്തിയിരുന്ന ഭാഗമാണ് നിലംപൊത്തിയത്. മങ്കുഴി പാടശേഖരത്തിലെ ചിറകളിലും തുരുത്തുകളിലുമായി താമസിക്കുന്നവർ ആശ്രയിക്കുന്ന പാലമായിരുന്നു ഇത്.


നടപ്പാലത്തിന് പഴക്കം: 35 വർഷം