a

ഇത്തവണ പ്രമേഹ ദിനം ലോക ഡയബറ്റസ് ഫെഡറേഷൻ ആചരിക്കുന്നത് 'പ്രമേഹവും ക്ഷേമവും' (Diabetes and Well-being) എന്ന സന്ദേശമുയർത്തിയാണ്. രോഗികളുടെ ശാരീരിക, മാനസിക ക്ഷേമം ഉറപ്പാക്കി പ്രതിരോധശേഷിയോടെ ആരോഗ്യം പ്രദാനം ചെയ്യുകയാണ് ലക്ഷ്യം. പ്രമേഹത്തെ ആരോഗ്യപ്രശ്നം മാത്രമായി കാണാതെ,​ രോഗിയുടെ സമഗ്രാവസ്ഥയും അവലോകനം ചെയ്തുള്ള ചികിത്സാപദ്ധതി തയ്യാറാക്കണം. പ്രമേഹമെന്ന സഹയാത്രികനെ അപകടകാരിയാവാതെ ഒപ്പം കൊണ്ടുനടക്കുകയാണ് വേണ്ടത്.

രണ്ടു തരം

പ്രമേഹം

രക്തത്തിൽ ഗ്ലൂക്കോസിന്റെ (പഞ്ചസാര) അളവ് കൂടിനിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. രണ്ടുതരം പ്രമേഹമുണ്ട്. മുതിർന്നവരിൽ 85 ശതമാനം പേരിലും കാണുന്ന ടൈപ്പ് -2 പ്രമേഹവും,​ പതിനഞ്ചു ശതമാനം കുട്ടികളിൽ കാണുന്ന ടൈപ്പ് -1 പ്രമേഹവുമാണ് ഇവ. പാൻക്രിയാസിനെ ഇൻസുലിൻ നിർമ്മിക്കുന്നതിൽ നിന്ന് തടയുന്ന വിട്ടുമാറാത്ത രോഗാവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഇൻസുലിൻ കുത്തിവയ്പുകളും രക്തത്തിലെ പഞ്ചസാരയുടെ നിരീക്ഷണത്തോടെയുള്ള ദൈനംദിന ചികിത്സാ മാനേജ്‌മെന്റുമാണ് പരിഹാരം. അതേസമയം മുതിർന്നവരിലെ ടൈപ്പ് -2 പ്രമേഹം ജീവിതശൈലീ രോഗമാണ്. ഭക്ഷണത്തിൽ അമിതമായ കലോറിയുള്ളതിനാൽ കൊഴുപ്പടിഞ്ഞ് കരളും പാൻക്രിയാസും തകരാറിലാവും. ഇതോടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവ് കുറവും.

പ്രമേഹ

നിർണയം

ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ് ഷുഗർ എന്നിവയിലൂടെ പരിശോധിക്കാം. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് 8 മുതൽ 12 മണിക്കൂർ വരെയുള്ള ഉപവാസതുല്യമായ രാത്രി ഉറക്കത്തിനു ശേഷം അതിരാവിലെയുള്ള പരിശോധനയാണ്. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറിനുള്ളിൽ രക്തത്തിലെ ഗ്ലൂക്കോസും ഇൻസുലിൻ അളവും സാധാരണ നിലയിലേക്കു മടങ്ങും. ഈ സമയത്തെ പരിശോധനയാണ് പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ് ഷുഗർ. പ്രമേഹം നിർണയിക്കാൻ മാത്രമല്ല, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ഈ രണ്ട് ടെസ്റ്റുകളും സുപ്രധാനമാണ്.

HbA1C ടെസ്റ്റ്: ഈ പരിശോധനയിലൂടെ രണ്ട്- മൂന്ന് മാസങ്ങളിലെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി അളവ് അറിയാം. ഇതിലൂടെ പ്രമേഹ പൂർവാവസ്ഥയും, പ്രമേഹവും നിർണയിക്കാം. പ്രമേഹമില്ലാത്ത മുതിർന്നവർക്ക്, ഹീമോഗ്ലോബിൻ A1c ലെവലിന്റെ സാധാരണ പരിധി 4- 5.6 ശതമാനമാണ്. അത് 5.7% -6.5% ആണെങ്കിൽ ആ വ്യക്തി പ്രമേഹപൂർവാവസ്ഥയുടെ പിടിയിലാണ്. 6.5 ശതമാനത്തിന് മുകളിലാണെങ്കിൽ ചികിത്സ ഉടൻ തുടങ്ങണമെന്ന് അർത്ഥം.

അനുബന്ധ

രോഗങ്ങൾ

ഡയബറ്റിക് റെറ്റിനോപ്പതി: പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. എല്ലാ വർഷവും നേത്രപരിശോധന നടത്തണം. കേടായ രക്തക്കുഴലുകൾ കാഴ്ച നഷ്ടപ്പെടാനും കാരണമാകും.

ഹൃദ്രോഗം: കൊറോണറി ഹൃദ്രോഗത്തിനു തുല്യമായ അപകടസാദ്ധ്യതയായി പ്രമേഹത്തെ കണക്കാക്കുന്നു.
നിയന്ത്രണ വിധേയമല്ലെങ്കിൽ ഹൃദ്രോഗത്തിനുള്ള സാദ്ധ്യത കൂടുതലാണ്. അതിന് ആദ്യം പ്രമേഹം നിയന്ത്രിക്കണം. ഒപ്പം ചീത്ത കൊളസ്‌ട്രോൾ (LDL) 100-നു താഴേയ്ക്ക് കുറയ്ക്കുകയും വേണം. പ്രമേഹം,​ ഹൃദയ സംബന്ധമായ അസുഖങ്ങൾ (CVD Cardio Vascular Disease) എന്നിവയുള്ളവരും,​ ഹൃദ്‌രോഗമില്ലാത്തവരും എന്നാൽ ഹൃദ്രോഗ അപകടസാദ്ധ്യതാ ഘടകങ്ങളുള്ള 40 വയസിന് മുകളിലുള്ളവരും അവരുടെ അടിസ്ഥാന എൽ.ഡി.എൽ കൊളസ്‌ട്രോൾ 100-നു താഴെ നിറുത്താൻ സ്റ്റാറ്റിൻസ് എന്ന ഗുളികകൾ ഉപയോഗിക്കണമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ നിർദ്ദേശിക്കുന്നു.

വൃക്ക രോഗങ്ങൾ: യൂറിൻ മൈക്രോ ആൽബുമിൻ ടെസ്റ്റിലൂടെ വൃക്കസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്താം. യൂറിൻ മൈക്രോ ആൽബുമിൻ കൂടുതലെങ്കിൽ പ്രമേഹം വൃക്കകളെ ബാധിച്ചെന്ന് മനസിലാക്കാം.

പാദങ്ങളും സൂക്ഷിക്കണം: പ്രമേഹത്തിന്റെ പ്രധാന സങ്കീർണത പാദങ്ങളിലുണ്ടാകുന്ന വ്രണങ്ങളാണ്. പാദധമനികൾ അടഞ്ഞ് രക്തചംക്രമണം തടസപ്പെടും. പാദങ്ങളിലെ പരിക്കുകൾ ഉണങ്ങാത്ത വ്രണങ്ങളായി അണുബാധയുണ്ടായി മുറിച്ചുമാറ്റേണ്ട സാഹചര്യത്തിലേക്ക് എത്തും. അൾട്രാസൗണ്ട് ആർട്ടീരിയൽ ഡോപ്ലർ ടെസ്റ്റിലൂടെ പാദങ്ങളിലെ രക്തധമനികൾ അടയുന്നത് കണ്ടെത്താം. ഈ ടെസ്റ്റിലൂടെ രക്തം കുഴലുകളിലൂടെ എത്ര നന്നായി ഒഴുകുന്നുവെന്ന് കാണിക്കാൻ ശബ്ദ തരംഗങ്ങൾ ഉപയോഗിക്കുന്നു.

കഴുത്ത്, കൈകൾ, കാലുകൾ എന്നിവയുൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും രക്തപ്രവാഹം പരിശോധിക്കാൻ ഈ ടെസ്റ്റിനു കഴിയും. ഡോപ്ലർ അൾട്രാസൗണ്ടിന്റെ ഫലങ്ങൾ സിരകളുടെയും ധമനികളുടെയും ആരോഗ്യം നിർണയിക്കാൻ സഹായിക്കും. പ്രമേഹം നാഡികളെ ബാധിക്കുന്നുണ്ടോ എന്നും കാലിലെ സ്പർശനശേഷി കുറയുന്നുണ്ടോ എന്നും അറിയാൻ ബയോ തെസിയോമെട്രി (Bio thesiometry) ടെസ്റ്റ് ആണ് ചെയ്യുന്നത്.

പൂർണമായും

മാറുമോ?​

ടൈപ്പ് 2 പ്രമോഹരോഗികൾക്ക് രോഗനിർണയ ശേഷം ആദ്യത്തെ അഞ്ചു വർഷം ശരീരഭാരം 10 ശതമാനം കുറയ്ക്കാനായാൽ പൂർണമായും മാറാറുണ്ട്. ഈ പ്രതിഭാസം ഡയബറ്റസ് റെമിഷൻ എന്നറിയപ്പെടുന്നു. ഭക്ഷണത്തിൽ കലോറികൾ എടുക്കാൻ എളുപ്പവും അത് കത്തിച്ചുകളയാൻ പ്രയാസവുമാണ്. ലളിതമായി പറഞ്ഞാൽ ഒരു സമോസയിൽ 300 കലോറിയുണ്ട്. 100 കലോറി കത്തിക്കാൻ അര മണിക്കൂറെങ്കിലും നടക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് വേണ്ടത്.

ആജീവനാന്ത

ശ്രദ്ധ വേണം


ഒരു കസേര ആടാതിരിക്കണമെങ്കിൽ നാല് കാലുകൾ വേണം. ഒരു കാലിനും കൂടുതൽ പ്രാധാന്യമില്ല. എല്ലാ കാലുകളും കരുത്തുള്ളതായിരിക്കണം. ഇതിനു സമാനമാണ് പ്രമേഹ നിയന്ത്രണവും. ഇവിടെ ഭക്ഷണക്രമീകരണം,​ വ്യായാമം,​ മരുന്നുകൾ,​ കൃത്യമായ രോഗനിർണയം എന്നിവയാണ് കാലുകൾ. ഒരു കാല് ദുർബ്ബലമായാലും ആ കസേര ആടും.

പ്രമേഹവും

ഭക്ഷണവും

കുറഞ്ഞ കലോറി ഭക്ഷണത്തിലൂടെ ശരീരഭാരം കുറയ്ക്കുക എന്നത് സുപ്രധാനമാണ്. ചോറ് കിഴങ്ങുവർഗങ്ങൾ എന്നിവയടങ്ങിയ കാർബോ ഹൈഡ്രേറ്റ്സിന്റെ അളവ് കുറയ്ക്കണം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള എളുപ്പവഴിയാണ് ഡയബറ്റിസ് പ്ലേറ്റ് മെതേഡ്. പച്ചക്കറികൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ ആരോഗ്യകരമായ സന്തുലനം നിലനിർത്തി ഭക്ഷണം നിയന്ത്രിച്ചു കഴിക്കാൻ കഴിയും.

 വേണ്ടത് ഇച്ഛാശക്തി: ഭക്ഷണത്തിനുമുമ്പ് ഒരു ഗ്ലാസ് ഇളംചൂടുവെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കും.

പ്രോസസ്ഡ് പാക്ഡ് ഫുഡ് ഒഴിവാക്കണം. വറുത്തതിനും പൊരിച്ചതിനും പകരം കറികൾ ഉൾപ്പെടുത്തണം.

പ്രമേഹവും വ്യായാമവും: ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിന് ചിട്ടയായ എയ്‌റോബിക്സ് വ്യായാമം പ്രധാനം. വേഗത്തിലുള്ള നടത്തം, ജോഗിംഗ്, ട്രഡ്മിൽ എന്നിവയ്ക്കായി ദിവസവും കുറഞ്ഞത് 30- 45 മിനിട്ട് നീക്കിവയ്ക്കണം. ആഴ്ചയിൽ 150 മിനിട്ടെങ്കിലും വ്യായാമം ചെയ്യണം. ഇതിലൂടെ രക്തത്തിെലെ ഗ്ലൂക്കോസിന്റെ അളവ് കുറയും. നീന്തൽ, യോഗ തുടങ്ങിയവയും ഫലപ്രദമാണ്. സോളിയസ് പുഷ് അപ്സ് എന്ന ലളിതമായ വ്യായാമം ഫലപ്രദമാണ്. സോളിയസ് പുഷ് അപ്പ് ചെയ്യുന്നതിലൂടെ മണിക്കൂറുകളോളം മെറ്റബോളിസം 52 ശതമാനം വരെ വർദ്ധിപ്പിക്കാം. ഇത് രക്തത്തിലെ ഗ്ലൂക്കോസും കൊഴുപ്പും ദഹിപ്പിക്കും.

 ഇൻസുലിൻ ഉപയോഗം: പ്രമേഹരോഗികൾ പ്രധാനമായും രണ്ടു വിഭാഗമാണ്. മരുന്നുകൾ പ്രമേഹത്തിന് പര്യാപ്തമല്ലെന്നും ഇൻസുലിൻ എടുക്കുന്നതാണ് നല്ലതെന്നും വിശ്വസിക്കുന്ന ഒരു വിഭാഗം. മരുന്നുമാത്രം മതിയെന്ന് വിശ്വസിക്കുന്ന മറ്റൊരു വിഭാഗം! ഇതു രണ്ടും ശരിയല്ല. ഫാസ്റ്റിംഗ് ബ്ലഡ്ഷുഗർ 300-നു മുകളിൽ നിൽക്കുന്ന സാഹചര്യം,​ അല്ലെങ്കിൽ മൂന്നു മാസത്തെ,​ രക്തത്തിലെ പഞ്ചസാരയുടെ അളവ് HbA1C പത്തു ശതമാനത്തിന് മുകളിൽ നിൽക്കുമ്പോൾ ഇൻസുലിൻ എടുക്കണം. ഗർഭിണികൾക്ക് ഷുഗർ കൂടിനിൽക്കുമ്പോഴും സർജറിക്കു വിധേയമാകുമ്പോഴും ഇൻസുലിൻ എടുക്കണം.


വൈദ്യപരിശോധനകൾ: മൂന്നു മാസത്തിലെ രക്തത്തിലെ ഷുഗർലെവൽ അറിയുന്നതിനുള്ള HbA1c,​ നേത്ര പരിശോധന, പാദങ്ങളിലെ സ്പർശനശേഷി, രക്തയോട്ടം കുറയുന്നുണ്ടോ എന്നറിയുന്നതിനുള്ള ടെസ്റ്റ്, എൽ.ഡി.എൽ പരിശോധന,​ ലിവർ ഫംഗ്ഷൻ ടെസ്റ്റ്, ഇ.സി.ജി, ട്രെഡ്മിൽ ടെസ്റ്റ്, വൃക്കകളുടെ പ്രവർത്തനം കൃത്യമാണോ എന്നു പരിശോധിക്കുന്നതിനായി ക്രിയാറ്റിനിൻ, യൂറിൻ മൈക്രോ ആൽബുമിൻ തുടങ്ങിയ ടെസ്റ്റുകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം ചെയ്യണം.

 മരുന്നുകളുടെ ഉപയോഗം: പ്രമേഹരോഗവും അനുബന്ധിച്ചുള്ള മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. മരുന്നുകളെ ഭയപ്പടേണ്ട കാര്യമേയില്ല. പ്രമേഹത്തിന് ഉപയോഗിക്കുന്ന പുതിയ മരുന്നുകൾക്ക് ഹൃദ്രോഗം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ എന്നിവ തടയാനുള്ള കഴിവുണ്ട്.

ഹൈപ്പോ ഗ്ലൈസീമിയ: രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിവാര്യമായ പരിധിയേക്കാൾ താഴ്ന്നു പോകുന്ന അവസ്ഥയാണ് ഹൈപ്പോ ഗ്ലൈസീമിയ. ശരീരത്തിന്റെ പ്രധാന ഊർജ്ജ സ്രോതസാണ് ഗ്ലൂക്കോസ്. യഥാസമയം ഭക്ഷണം കഴിച്ചില്ലെങ്കിൽ ഷുഗർ താഴ്ന്നു പോകും.

 ഹോർമോൺ പ്രശ്നങ്ങൾ: പ്രമേഹമുള്ളവർക്ക് മറ്റ് ഹോർമോൺ പ്രശ്നങ്ങളും കാണാറുണ്ട്. തൈറോയിഡിന് സാദ്ധ്യതയേറെയുണ്ട്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന്റെ കുറവ്,​ അല്ലെങ്കിൽ ഗ്രന്ഥിയുടെ പ്രവർത്തനത്തിന്റെ കൂടുതൽ മൂലം പ്രമേഹരോഗികൾക്ക് വർഷത്തിൽ ഒരിക്കൽ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ടി.എസ്.എച്ചിന്റെ ഒരു പരിശോധന നടത്താറുണ്ട്. അതുപോലെ വൃക്കകളുടെ മുകളിലുള്ള അഡ്രീനൽ ഗ്രന്ഥികളിൽ നിന്നുണ്ടാകുന്ന കോർട്ടിസോൾ എന്ന ഹോർമോൺ കുറവും ചില ടൈപ്പ് 1 പ്രമേഹരോഗികളിൽ കാണാറുണ്ട്.

ഗർഭാവസ്ഥയിലെ പ്രമേഹം: ഗർഭാവസ്ഥയിൽ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഗർഭകാല പ്രമേഹം ഉണ്ടാകുന്നത്. ഗർഭാവസ്ഥയിലുള്ള പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു, ഇത് ഗർഭാവസ്ഥയെയും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും.

(കോട്ടയം ഏറ്റുമാനൂർ വിമല ഹോസ്പിറ്റലിലെ 'ജീവൻസ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി സ്‌പെഷ്യാലിറ്റി സെന്റർ" ഡയറക്ടറും കൺസൾട്ടന്റുമാണ് ലേഖകൻ)​