
പള്ളിക്കത്തോട് : ഒരു പാത എങ്ങനെ നശിപ്പിക്കാം എന്നതിന്റെ വലിയ ഉദാഹരണമാണ് വള്ളോത്ത്യാമല പാലച്ചുവട് റോഡ്. പൈപ്പിടാൻ പൊളിച്ചതാണ്... പിന്നെ കുളംതോണ്ടിയെന്ന് പറയാം. കുത്തിപ്പൊളിച്ച റോഡിലേക്ക് ആരും തിരിഞ്ഞുനോക്കാതായി. താത്ക്കാലികമായി കോൺക്രീറ്റിട്ട് മൂടി അധികൃതർ തടിതപ്പി. ഇതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതം നിറഞ്ഞതായി. എന്തിന് കാൽനടയാത്രപോലും അസാദ്ധ്യം. പഞ്ചായത്തിലെ എട്ടാം വാർഡിലെ നിരവധി കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഈ റോഡ്. മഴ പെയ്തതോടെ തകർച്ച പൂർണമായി. ഒപ്പം വെള്ളക്കെട്ടും. ഒരു വാഹനം കടന്നുപോയാൽ കാൽനടയാത്രികരുടെ ദേഹമാസകലം ചെളിവെള്ളം തെറിക്കും. തകർന്ന റോഡിലൂടെയുള്ള യാത്ര അപകടത്തിനും ഇടയാക്കുന്നു. ഇളകിക്കിടക്കുന്ന കോൺക്രീറ്റ് പാളിയിൽ തെന്നി ഇരുചക്ര വാഹനങ്ങൾ മറിയുന്നത് നിത്യസംഭവമാണ്. ഭാഗ്യം കൊണ്ട് ആർക്കും പരിക്കേൽക്കുന്നില്ല.
മെറ്റൽ നിരത്തി തടിതപ്പി
രണ്ട് വർഷം മുമ്പാണ് ജൽജീവൻ പദ്ധതിയ്ക്കായി റോഡ് കുഴിച്ചത്. എന്നാൽ കുഴിച്ച ഭാഗങ്ങളുടെ ടാറിംഗ് നടത്തിയില്ല. ഭൂരിഭാഗം വഴികളും ഇത്തരത്തിൽ തകർന്നതോടെ പഞ്ചായത്ത് ഭരണസമിതി കോട്ടയം വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. മൂന്നു മാസം മുമ്പ് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വള്ളോത്യാമല - പാലച്ചുവട് റോഡിന്റെ കോൺക്രീറ്റ് ഭാഗങ്ങളോട് ചേർന്ന് പൈപ്പ് സ്ഥാപിച്ച ഭാഗങ്ങൾ വീണ്ടും കുഴിച്ച് മെറ്റൽ നിരത്തി ഉറപ്പിച്ചു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ ഭൂരിഭാഗം സ്ഥലങ്ങളിലെയും മെറ്റൽ ഒഴുകിപ്പോയി. ഇതോടെ, പല ഭാഗങ്ങളും വലിയ കിടങ്ങായി മാറി.
റോഡ് കുഴിച്ചത് : 2 വർഷം മുൻപ്
''വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും സാധിക്കില്ല. മണ്ണൊലിച്ച് പോയതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിന്റെ അവശേഷിക്കുന്ന ഭാഗങ്ങളും ഇടിഞ്ഞു പോകുന്ന സ്ഥിതിയാണ്.
-(പ്രദേശവാസികൾ)