പാലാ: പഠിക്കാനും ജോലി ചെയ്യാനും ജർമ്മനിയിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ സാധ്യതകൾ അറിയാൻ ചേർപ്പുങ്കൽ ബി.വി.എം കോളേജ് അവസരമൊരുക്കുന്നു. വെള്ളി ഉച്ചകഴിഞ്ഞ് 4ന് കോളേജ് തിയറ്ററിലാണ് ശില്പശാല. ജർമ്മനിയിൽ നിന്നുള്ള കായ് എറിക് സ്‌ട്രോബൽ, കൃഷ്ണ ജാവാജി എന്നിവർ സംസാരിക്കും. ജർമ്മനിയിൽ സ്ടുട്ട്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മികച്ച സംരംഭകരും ഫ്യൂറോമുണ്ടോ ഫെസ്റ്റിവലിന്റെ സ്ഥാപകനും ഹെയ്ഡൽ ബർഗർ ഡ്രക്ക്മഷീൻ എം ജിയുടെ മുൻ എംഡിയുമാണ് എറിക് സ്‌ട്രോബൽ. ഫ്രാങ്കഫർട്ട് ആസ്ഥാനമായുള്ള യൂറോ ടെക്സ്‌റ്റൈൽസ്, ഇംപാക്ടിയേഴ്സ്, ക്യൂറാ പേഴ്സണൽ തുടങ്ങിയ കമ്പനികളുടെ സ്ഥാപകനാണ് ഇന്ത്യൻ വംശജനായ കൃഷ്ണ ജാവജി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജർമ്മർ ഭാഷാ പരിശീലനകേന്ദ്രങ്ങൾ നടത്തുന്നവർക്കും ഇതിൽ പങ്കെടുക്കാം. ബ്രോഷറിൽ കൊടുത്തിട്ടുള്ള ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് ഇ ടിക്കറ്റുമായി വരണമെന്ന് പ്രിൻസിപ്പൽ ഫാ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അറിയിച്ചു.