
പാലാ : സെന്റ് തോമസ് കോളേജിലെ നീന്തൽക്കുളത്തിൽ ആരംഭിച്ച 41-ാമത് എം.ജി സർവകലാശാല സ്വിമ്മിംഗ്, വാട്ടർ പോളോ ചാമ്പ്യൻഷിപ്പിൽ കോതമംഗലം എം.എ കോളേജിന്റെ ആധിപത്യം. പുരുഷ വിഭാഗത്തിൽ 61 പോയിന്റും, വനിതാ വിഭാഗത്തിൽ 58 പോയിന്റുമായാണ് എം.എയുടെ മുന്നേറ്റം. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 37 പോയിന്റുമായും, വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 36 പോയിന്റുമായും രണ്ടാംസ്ഥാനത്തുണ്ട്. വനിതാ വിഭാഗത്തിൽ പാലാ സെന്റ് തോമസാണ് മൂന്നാം സ്ഥാനത്ത്. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് മത്സരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപറമ്പിൽ, കായിക വകുപ്പ് മേധാവി ആശിഷ് ജോസഫ് എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ് ഇന്ന് അവസാനിക്കും. സർവകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പുരുഷ - വനിത സ്വിമ്മിംഗ് ടീമിന്റെയും പുരുഷ വിഭാഗം വാട്ടർ പോളോ ടീമിന്റെയും സെലക്ഷനും ഇന്ന് നടക്കും.