പാലാ: ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലാമേള 'വേദിക 2024' നവംബർ 15നും 16നും ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്‌കൂളിൽ നടക്കും. കലാമേളയ്ക്ക് ആതിഥ്യമരുളാൻ അംബികാ വിദ്യാഭവൻ ഒരുങ്ങികഴിഞ്ഞതായി ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

കലാമേളയുടെ ലോഗോ പ്രകാശനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ നിർവഹിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സിനിമാ നടൻ പ്രശാന്ത് മുരളി കലാമേളയുടെ ഉദ്ഘാടനം നിർവഹിക്കും. 16ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യും. മുൻ സംസ്ഥാന യുവജനോത്സവ കലാതിലകവും നർത്തകിയുമായ ഡോ.പത്മിനി കൃഷ്ണൻ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. അമ്പതിൽപരം സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കും. 15 വേദികളിലായാണ് മത്സരം നടക്കുന്നത്. പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലാമേള സംഘടിപ്പിക്കുകയെന്ന് ഭാരവാഹികളായ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് ലളിതാംബിക, ജില്ലാ കലാമേള പ്രമുഖ് കെ.എൻ പ്രശാന്ത് നന്ദകുമാർ, സ്വാഗതസംഘം ചെയർമാൻ ടി.എൻ സുകുമാരൻ നായർ, അംബികാ വിദ്യാഭവൻ പ്രിൻസിപ്പൽ സി.എസ് പ്രദീഷ്, കലാമേള ജനറൽ കൺവീനർ പി.എൻ സൂരജ്കുമാർ, സെക്രട്ടറി രതീഷ് കിഴക്കേപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.