പൊൻകുന്നം: മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ ക്ഷേത്രങ്ങളും ഇടത്താവളങ്ങളും ഒരുങ്ങി. ചെറുവള്ളി ദേവീക്ഷേത്രം, ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രം, കൊടുങ്ങൂർ ശ്രീദേവീക്ഷേത്രം എന്നിവിടങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രം ഉപദേശകസമിതിയും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചെറുവള്ളിയിൽ അയ്യപ്പന്മാർക്ക് വിരിവെച്ച് വിശ്രമിക്കാൻ സൗകര്യമുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആവശ്യമെങ്കിൽ ഭക്ഷണം പാചകം ചെയ്യുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദിവസവും അന്നദാനവും ഉണ്ടായിരിക്കും. ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ കൗണ്ടർ,വിശാലമായ പാർക്കിംഗ് സൗകര്യം ,500 പേർക്ക് വിരിവെച്ച് വിശ്രമിക്കാവുന്ന നടപ്പന്തൽ, ക്ഷേത്രക്കുളത്തിൽ കുളിക്കാനുള്ള സൗകര്യം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. മകരവിളക്ക് വരെ എല്ലാ ദിവസവും പ്രത്യേക വഴിപാടുകൾ വൈകിട്ട് ഭജന എന്നിവ ഉണ്ടായിരിക്കും.

കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിൽ ദേശീയപാതയിൽ അലങ്കാരഗോപുരത്തിന് സമീപം ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കും. വിശാലമായ പാർക്കിംഗ്‌ മൈതാനവും അയ്യപ്പന്മാർക്ക് വിരിരിവെച്ച് വിശ്രമിക്കുന്നതിനും സൗകര്യമുണ്ട്. പൊൻകുന്നം പുതിയകാവ് ദേവീ ക്ഷേത്രത്തിവും ഭക്തരെ വരവേൽക്കാൻ ഒരുക്കങ്ങളായി.അയ്യപ്പന്മാർക്ക് വിരിവെച്ച് വിശ്രമിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളുണ്ട്.
പൊൻകുന്നം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് വിശേഷാൽ പൂജകൾ,വഴിപാടുകൾ ദീപാരാധന,ഭജന എന്നിവയുണ്ട്. ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ മണ്ഡലമഹോത്സവം 16ന് തുടങ്ങും.

എസ്.എൻ.ഡി.പി.യോഗം ശാഖകളിലും ഗുരദേവക്ഷേത്രങ്ങളിലും മണ്ഡലമഹോത്സവം 16ന് തുടങ്ങും. അരുവിക്കുഴി മാടപ്പാട്ട് ,ഇളമ്പള്ളി ,ആനിക്കാട് .വാഴൂർ ,കാഞ്ഞിരപ്പള്ളി ,വിഴിക്കത്തോട് തുടങ്ങിയ ശാഖകളിലും മണ്ഡലപൂജ ഭജന എന്നിവ ഉണ്ടായിരിക്കും.വാഴൂർ വെട്ടികാട്ട് ശാസ്താക്ഷേത്രം, ഇളമ്പള്ളി ശാസ്താക്ഷേത്രം, പനമറ്റം ഭഗവതിക്ഷേത്രം, ഇളങ്ങുളം ശാസ്താക്ഷേത്രം, ഇളങ്ങുളം മുത്താരമ്മൻകോവിൽ, തമ്പലക്കാട് മഹാദേവക്ഷേത്രം, തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം, ഉരുളികുന്നം പുലിയന്നൂർക്കാട് ശാസ്താക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം, ആനിക്കാട് ഭഗവതി ക്ഷേത്രം, കിഴക്കടമ്പ് മഹാദേവ ക്ഷേത്രം, തെക്കുംതല ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും മണ്ഡല ഉത്സവം നടക്കും.