
കോട്ടയം: വയസ് 70 ആയെങ്കിലും ഉശിരുള്ള ആൺകുട്ടിയാണ് , സന്ദർശിച്ചത് 40 രാജ്യങ്ങൾ. ഇതിനുള്ള മൂലധനമാകട്ടെ കങ്ങഴ സ്വദേശി വി.കെ.രാജന് പപ്പടമാണ്.
പത്തനാട് ശിവോദയ ഭവനോട് ചേർന്നുള്ള പപ്പട നിർമ്മാണ യൂണിറ്റിലിരുന്ന് ലോകം ചുറ്റണമെന്ന ആഗ്രഹം മനസിലുടക്കിയപ്പോൾ വെല്ലുവിളിയായത് സാമ്പത്തികം. അദ്ധ്വാനത്താൽ ബാദ്ധ്യതകളെല്ലാം തീർത്ത് 64-ാം വയസിൽ ആദ്യയാത്ര ചൈനയിലേക്ക്. റഷ്യയിൽ നിന്ന് മടങ്ങിയെത്തിയത് രണ്ടാഴ്ച മുൻപാണ്. 10 ദിവസമായിരുന്നു സന്ദർശനം. ഹോങ്കോംഗ്, മക്കാവോ, യു.കെ, ജർമ്മനി, തായ്‌ലന്റ്, ഓസ്‌ട്രേലിയ, അമേരിക്ക, നെതർലാൻഡ്, സൗത്ത് ആഫ്രിക്ക,ശ്രീലങ്ക, എത്യോപ്യ, സിംബാംവെ, തുർക്കി എന്നിവിടങ്ങളും സന്ദർശിച്ചു. ടൂറിസ്റ്റ് ഏജൻസിയുടെ സഹായവുമുണ്ട്. ഭാഷയും താമസവും ഭക്ഷണവുമൊന്നും ബുദ്ധിമുട്ടില്ല. രാജ്യങ്ങളുടെ സവിശേഷതകളും ചരിത്രവും മനസിലാക്കും. ഇന്ത്യക്കുള്ളിൽ കുടുംബത്തെ ഒപ്പംകൂട്ടും. വിദേശയാത്രകൾ തനിച്ചും. സിംഗപ്പൂർ, മലേഷ്യ യാത്രകൾ കൊച്ചുമകൾ ആതിരയ്ക്കൊപ്പമായിരുന്നു. ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷും മരുമക്കളായ മഞ്ജുവും നിഷയുമെല്ലാം രാജന്റെ ലക്ഷ്യത്തിന് ഒപ്പംനിന്നു.
വീട്ടമ്മമാർക്ക് ജോലിയൊരുക്കി
55 വർഷം മുൻപ് അഞ്ച് കിലോ മാവിൽ നിന്ന് ആരംഭിച്ച രാജന്റെ പപ്പട കമ്പനി ഇന്ന് 1000 കിലോ മാവിലേക്ക് എത്തിനിൽക്കുന്നു. അഞ്ച് ജില്ലകളിൽ വിതരണമുണ്ട്. സമീപവാസികളായ വീട്ടമ്മമാർക്ക് ജോലിയും ഉറപ്പാക്കി.
അസർബൈജാൻ, ഇന്തോനേഷ്യ എന്നിവയാണ് അടുത്ത ഡെസ്റ്റിനേഷൻ. കുടുംബത്തിന്റെ പിന്തുണയുണ്ട്. ഓരോയാത്രയും പുതിയ അനുഭവങ്ങളാണ്.
(രാജൻ)