arav

കോട്ടയം : കോടികൾ മുടക്കി നിർമ്മിച്ചിട്ടും ഇതുവരെ പ്രവർത്തിക്കാത്ത കോട്ടയം നഗരസഭയുടെ ആധുനിക അറവുശാല എട്ട് മാസത്തിനകം തുറക്കണമെന്ന് ഹൈക്കോടതി. ഓൾ ഇന്ത്യ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇന്നലെ അന്തിമ ഉത്തരവിറങ്ങിയത്. നാലുവർഷം മുൻപ് കോടിമത മാർക്കറ്റ് റോഡ‌രികിലാണ് അറവുശാല നിർമ്മിച്ചത്. ഉദ്ഘാടനവും കെങ്കേമമായി നടത്തി. പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ല. ഇതോടെ നാശത്തിന്റെ വക്കിലായി. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതി ലഭിക്കാത്തതാണ് തടസവാദമായി പറയുന്നത്. അത്യാധുനിക യന്ത്രങ്ങളടക്കം തുരുമ്പെടുത്തു. തറയോടുകൾ പൊളിഞ്ഞും കെട്ടിടത്തിലെ സ്റ്റെപ്പുകൾ അടർന്നു മാറിയ നിലയിലുമാണ്. നഗരസഭ പല തവണ മൂന്നു മാസത്തിനകം തുറക്കുമെന്ന് കോടതിയിൽ പറഞ്ഞെങ്കിലും പാലിക്കപ്പെട്ടില്ല. 15 ദിവസത്തിനകം മറുപടി നൽകാൻ വീണ്ടും കോടതി ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. ഇക്കഴിഞ്ഞ നാലിന് നഗരസഭ സെക്രട്ടറി നേരിട്ട് കോടതി മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടതിനെ തുടർന്നാണ് ഏഴ് മാസത്തിനകം തുറക്കാമെന്ന് മറുപടി നൽകിയത്. ഒരു മാസം അധികം നൽകി എട്ട് മാസത്തിനകം തുറക്കാൻ ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ ഉത്തരവിട്ടു.

തുറന്നാൽ നല്ല ഇറച്ചി കഴിക്കാം
നഗരത്തിലും സമീപ പ്രദേശങ്ങളിലും വഴിയോരങ്ങളിൽ അറവുമാടുകളെ കശാപ്പ് ചെയ്ത് വില്പന നടക്കുകയാണ്. ഇറച്ചിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനോ കശാപ്പുശാലയിൽ വേണ്ടുന്ന അത്യാവശ്യം സൗകര്യങ്ങളോ ഇവിടങ്ങളിലില്ല. 2007 മുതൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെയാണ് നഗരസഭയുടെ അറവുശാല പ്രവർത്തിച്ചിരുന്നത്. ആധുനിക അറവുശാല നിർമ്മിക്കുന്നതായി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന ഒരു കോടിയിലധികം രൂപ കൃത്യമായി പദ്ധതി തയ്യാറാക്കി ചെലവഴിക്കാതിരുന്നതിനാൽ നഗരസഭയ്ക്ക് നഷ്ടവുമായി. ഇതിനു ശേഷമാണ് എം.ജി റോഡരികിൽ ആധുനിക കെട്ടിടം നിർമ്മിച്ചത്.

ചെലവഴിച്ചത് : 3.10 കോടി

''ശരാശരി ഒരു ലക്ഷം കിലോ അനധികൃത ഇറച്ചിയാണ് (സുനാമി) അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നത്.
കേരളത്തിൽ പത്തുലക്ഷം പേരുടെ വരുമാനമാർഗമാണ് ഈ സ്വയം തൊഴിൽ മേഖല. സർക്കാർ തലത്തിൽ ഇതിനുവേണ്ട പരിരക്ഷ നിലവിലെ നിയമനുസരിച്ച് നൽകണം.

എം.എ സലിം (മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോ. പ്രസിഡന്റ്)