s

കോട്ടയം : കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ പുഞ്ചക്കൃഷിയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ച് വിത്ത് ക്ഷാമം. തുലാവർഷം കണക്കാക്കി 27 മുതൽ നവംബർ പകുതി വരെയാണ് വിത നടത്തേണ്ടത്. നാഷണൽ സീഡ് കോർപ്പറേഷൻ ഏജൻസിയിൽ നിന്ന് സഹകരണബാങ്കുകൾ വഴിയായിരുന്നു വിത്ത് വിതരണം. 200 ടൺ നെൽവിത്താണ് പുഞ്ചക്കൃഷിയ്ക്ക് വിതരണം ചെയ്യാനിരുന്നത്. ആദ്യഘട്ടമായെത്തിയ 50 ടണ്ണും കിളിർത്തില്ല. പരാതി ഉയർന്നതോടെ ബാക്കി എടുക്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ല. വിത്തിന് ബാങ്കിൽ പണമടക്കുകയും കിളിർക്കാത്ത വിത്ത് എടുക്കാതിരിക്കുകയും ചെയ്ത കർഷകർക്ക് പകരം നൽകുമെന്ന് കൃഷി വകുപ്പ് പറഞ്ഞിട്ട് രണ്ടാഴ്ചയായി. ബാങ്കുകളാകട്ടെ സബ്സിഡി കഴിച്ച് കർഷകർ അടച്ച 22.50 പൈസ തിരികെ നൽകി വിത്ത് വിവാദത്തിൽ നിന്ന് തലയൂരുകയാണ്. ഇതോടെ ഇരട്ടി വിലയ്ക്ക് സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കർഷകർ. ഇവിടെ നിന്ന് വാങ്ങിയ വിത്തിന്റെ പണവും കൃഷി ഭവനിൽനിന്ന് ലഭിക്കില്ല. ആദ്യം വിതച്ച വിത്ത് മുളയ്ക്കാതിരുന്നാൽ ഏക്കറിന് 2500 രൂപ കർഷകർ അധികം മുടക്കേണ്ട സ്ഥിതിയാണ്.

കൊയ്‌ത്ത് വൈകും, വിളനാശവും

ഒരു ഏക്കറിന് 40 കിലോ വിത്ത് വേണം. കിലോയ്ക്ക് 50 രൂപ വരെയാണ് സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത്. ഇതിന് ഗുണനിലവാരവുമില്ല. ഉമ, ജ്യോതി വിത്തുകളോടാണ് കർഷകർക്ക് പ്രിയമെങ്കിലും ഇവയ്ക്കാണ് കൂടുതൽ ക്ഷാമം. കഴിഞ്ഞവർഷം വിത്ത് കിട്ടാൻ താമസിച്ചതോടെ കൊയ്ത്ത് വൈകി വിളനാശത്തിനിടയാക്കിയിരുന്നു. പകുതിയിലധികം കർഷകരുടെയും വിത്ത് മുളച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. കുമരകം, തിരുവാർപ്പ്, അയ്മനം, വെച്ചൂർ, തലയാഴം, നീണ്ടൂർ, കല്ലറ, ആർപ്പൂക്കര, ചങ്ങനാശേരി, കടുത്തുരുത്തി, വാകത്താനം, പായിപ്പാട്, മാടപ്പള്ളി എന്നിവിടങ്ങളിൽ കള പറിച്ച് വെള്ളം വറ്റിച്ചു പാടങ്ങൾ കൃഷിയ്ക്ക് ഒരുങ്ങിയപ്പോഴാണ് പ്രതിസന്ധി ഉടലെടുത്തത്.

''കൃഷിഭവൻ വഴി വിതരണം ചെയ്ത വിത്ത് മുളയ്ക്കാതെ വന്നതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ല. കിളിർക്കാത്തവ തിരിച്ചെടുക്കുന്നില്ല. നഷ്ടപരിഹാരം തരുന്നുമില്ല. സ്വകാര്യ ഏജൻസികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണോ എന്ന് സംശയിക്കണം.

-സോമൻ (നെൽകർഷകൻ )

''സംഭരിച്ച നെല്ലിന്റെ പണം ഇനിയും കിട്ടാനുള്ളതിനാൽ പണം മുടക്കി സ്വകാര്യ ഏജൻസികളിൽ നിന്ന് വിത്തുവാങ്ങാനാകില്ല. വിത്ത് സർക്കാർ ലഭ്യമാക്കണം. സബ്‌സിഡി പണം കർഷകന് ലഭിക്കണം. ഗുണനിലവാരം കൃഷി ഓഫീസർ പരിശോധിക്കണം.

-ദിവാകരൻ (നെൽകർഷകൻ)