കോട്ടയം : കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ക്യാമ്പിന് പിന്നാലെ ജനറൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് പേരിൽ തട്ടിപ്പ് കേസ് പ്രതിയും ഉൾപ്പെട്ടതിനെ ചൊല്ലി വിവാദം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നോമിനേറ്റ് ചെയ്ത ആൽവിൻ ജോർജ് പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലടക്കം പ്രതിയാണ്. എറണാകുളം നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആൽവിന്റെ ഉടമസ്ഥതയിലുള്ള വി.എസ്.ടി മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനി മുൻപും സംശയ നിഴലിലാണ്. കേരള സ്റ്റാർട്ടപ്പ് മിഷന് 45 ലക്ഷം രൂപ നൽകാതെ വഞ്ചിച്ചതിന്റെ പേരിൽ കളമശേരി കിൻഫ്രയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പലരേയും ആൽവിൻ പറ്റിച്ചിട്ടുണ്ടെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു. പൊലീസ് അന്വേഷണം തടയാനായാണ് ആൽവിൻ പാർട്ടിയുടെ തലപ്പത്തെത്തിയതെന്നും ഇവർ പറയുന്നു. ഇതിനെതിരെ പാർട്ടി ചെയർമാൻ ജോസ് കെ.മാണിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം.