rail

കോട്ടയം : റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം കവാടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പരിഹാസ ശരങ്ങൾ ചൊരിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബാനറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമില്ലാതിരുന്നതും ഒപ്പം പ്രസംഗിച്ചവരെല്ലാം ക്രെഡിറ്റ് ഏറ്റെടുത്തതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിക്കു മുമ്പ് സംസാരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഫ്രാൻസിസ് ജോർജ് എം.പി, ജോസ് കെ. മാണി എം.പി എന്നിവർ റെയിൽവേ വികസനത്തിന് തങ്ങൾ ചെയ്ത കാര്യങ്ങൾ പറഞ്ഞിരുന്നു. മൂന്നുപേരും മുൻ എം.പി. തോമസ് ചാഴികാടന്റെ പങ്കും എടുത്തുപറഞ്ഞു. ''പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കാര്യം പറഞ്ഞാൽ അക്കാര്യം നടന്നിരിക്കും. തന്നെപ്പോലുള്ളവർ പിറകെ നടക്കേണ്ട കാര്യമില്ല. എങ്കിലും താൻ മുന്നിൽ വന്ന് നിൽക്കും അതിന്റെ ക്രെഡിറ്റ് നേടാൻ. അതാണല്ലോ രാഷ്ട്രീയം. റെയിൽവേ ഗേറ്റുകൾ സമയബന്ധിതമായി നിറുത്തലാക്കി പാലങ്ങൾ കൊണ്ടുവരികയാണ്. അന്നും താൻ വന്നുനിൽക്കും ഇത് താനാണ് ചെയ്തതെന്ന് പറഞ്ഞ്. ഒ. രാജഗോപാൽ മന്ത്രിയായിരിക്കെയാണ് ഇരട്ടപ്പാത തുടങ്ങിവെച്ചത് അത് പൂർത്തിയായപ്പോൾ താൻ വന്നുനിന്നു പറഞ്ഞു ഇതെന്റെ നേട്ടമാണെന്ന്. തനിക്ക് പറയാതിരിക്കാനാവില്ല. താൻ രാഷ്ട്രീയക്കാരനാണ്. മമത ബാനർജി റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ പ്രഖ്യാപിച്ചതാണ് കോട്ടയം കോച്ചിംഗ് ടെർമിനലാക്കുമെന്ന്. താനതിന്റെ മുന്നിൽ വന്നില്ല. കാരണം അത് നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.