
വൈക്കം : വൈക്കത്തഷ്ടമി മൂന്നാം ഉത്സവ ദിനമായ ഇന്ന് മുതൽ എഴുന്നള്ളിപ്പുകളുടെ പ്രൗഢിയേറും. രാവിലെ 8 ന് ആരംഭിക്കുന്ന ശ്രീബലിയെഴുന്നള്ളിപ്പിന് തലപ്പൊക്കത്തിൽ മുൻപരായ ഗജവീരന്മാർ അണിനിരക്കും. ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് ഇന്ന് മുതൽ കിഴക്കേ ആനപ്പന്തലിലാണ് നടക്കുക. കൊട്ടിപ്പാടി സേവയുമുണ്ട്. മൂന്നാം ഉൽസവം മുതൽ നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് അഞ്ച് പ്രദക്ഷിണമാണ്. രാത്രി 9 ന് വിളക്കെഴുന്നള്ളിപ്പിന് നാദസ്വരം, പരുഷവാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവയുണ്ട്. നാളെ അഞ്ച് താലപ്പൊലികളാണ് ക്ഷേത്രത്തിലേക്കെത്തുക. വിശ്വകർമ്മ മഹാസഭ, പട്ടാര്യ സമാജം, വൈക്കം വീരശൈവ മഹാസഭ, ഗണക സമുദായം, വേളാർ സമുദായ സംഘടന എന്നിവരുടെ പൂത്താലങ്ങൾ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രനടയിൽ സമർപ്പിക്കും.
വെള്ളാപ്പള്ളിയ്ക്ക് ഇന്ന് തുലാഭാരം
മൂന്നാം ഉത്സവ ദിനമായ ഇന്ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ അഹസിന്റെ ഭാഗമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്ര ദർശനം നടത്തും. രാവിലെ 7 ഓടെ കിഴക്കേ ഗോപുരനടയിൽ ജനറൽ സെക്രട്ടറിയെ ദേവസ്വം അധികൃതരും യൂണിയൻ നേതാക്കളും ചേർന്ന് സ്വീകരിക്കും. തുടർന്ന് കൊടിമരച്ചുവട്ടിൽ ശർക്കര കൊണ്ട് തുലാഭാരം. യൂണിയൻ വനിതാ സംഘത്തിന്റെ പൂത്താലം വൈകിട്ട് 5 ന് ആശ്രമം സ്‌കൂളിൽ നിന്ന് ആരംഭിക്കും. കച്ചേരിക്കവല, പടിഞ്ഞാറേ ഗോപുരം വഴി 7 ന് ക്ഷേത്രത്തിൽ പ്രവേശിക്കും. യൂണിയന്റെ വഴിപാടായി പ്രാതലും , ലക്ഷദീപവും , വെടിക്കെട്ടും,പുഷ്പാലങ്കാരവുമുണ്ടാവും.
മഹാദേവ ക്ഷേത്രത്തിൽ ഇന്ന്
എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ അഹസ്
ഭാഗവത പാരായണം രാവിലെ 5 ന്
നാരായണീയ പാരായണം 7ന്
ഗുരുദേവ കൃതികളുടെ ആലാപനം 7.30ന്,
ശ്രീബലി 8 ന്
വേദമന്ത്രാർച്ചന 11 ന്
നാരായണീയ പാരായണം 11.30 ന്
ഉടുക്കുപാട്ട് 12 ന്
പുരാണ പാരായണം 1.30 ന്
തിരുവാതിരകളി 2 ന്
സംഗീതക്കച്ചേരി 2.30 മുതൽ
നൃത്ത പരിപാടി വൈകിട്ട് 4.30 ന്
കാഴ്ചശ്രീബലി 5 ന്
വനിതാ സംഘം പൂത്താലം വരവ് 7ന്
നൃത്തം 6 നും 6.45 നും
ഗാനസുധ 7.30 ന്
വിളക്ക് രാത്രി 9ന്
ഉദയനാപുരത്ത് കുലവാഴ പുറപ്പാട് നാളെ
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിയുടെ മുന്നോടിയായി ഉദയനാപുരത്തെ സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള കുലവാഴ പുറപ്പാട് നാളെ നടക്കും. ഇരുമ്പൂഴിക്കര കിഴക്കേമുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് വൈകിട്ട് 3 ന് പുറപ്പെട്ട് കിഴക്കേ ഗോപുര നടയിലുടെ ക്ഷേത്രത്തിൽ പ്രവേശിക്കും. തെക്കേ മുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് നാഗമ്പൂഴി മന കൊച്ചുഭഗവതിക്കൽ ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് 3 ന് പുറപ്പെടും. പടിഞ്ഞാറെമുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് ശ്രീനാരായണപുരം ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് 3 ന് പുറപ്പെടും. വടക്കേമുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് 3 നാണ്.
തെക്കുംചേരിമേൽ എഴുന്നള്ളിപ്പ്
തെക്കും ചേരിമേൽ എഴുന്നള്ളിപ്പ് നാളെ പുലർച്ചെ 5 ന് നടക്കും. ക്ഷേത്രത്തിന്റെ ഏകദേശം ആറ് കിലോമീറ്റർ തെക്ക് ഭാഗത്തുള്ള അരിമ്പുകാവ് ക്ഷേത്രത്തിൽ ഇറക്കിപ്പൂജയും നിവേദ്യവും നടത്തും. തുടർന്ന് കമഴ്ത്തി പിടിച്ച് ശംഖ് വിളിച്ച് എഴുന്നള്ളിപ്പ് തിരിച്ചു പോരും.