ഞ്ഞിരപ്പള്ളി : ഭക്തരുടെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളിൽ ഒരുപോലെ ശ്രദ്ധിക്കുന്ന ആരാധനാലയങ്ങളാണ് ഇടച്ചോറ്റി സരസ്വതീദേവിക്ഷേത്രവും കൊരട്ടി ആറാംമൈൽ സെന്റ്‌ ജോസഫ് പള്ളിയും. ഇരുകേന്ദ്രങ്ങളുടേയും ഭാരവാഹികൾ തമ്മിൽ പരസ്പര സഹകരണത്തിലൂടെയുള്ള നല്ല ബന്ധം മാതൃകയാകുന്നു. നിർദ്ധനരായവരുടെ ആരോഗ്യപരിപാലനം, പാർപ്പിടം, പെൺകുട്ടികളുടെ വിവാഹം തുടങ്ങിയ കാര്യങ്ങളിൽ സഹായം ചെയ്യുന്നതിൽ ഇരുദേവാലയങ്ങളും ഇടപെടലുകൾ നടത്തുന്നു. സെന്റ് ജോസഫ് പള്ളിവക സെന്റ് ജോൺ ഒഫ് ഗോഡ് വൃദ്ധസദനത്തിൽ 26 ഓളം അന്തേവാസികളാണ് കഴിയുന്നത്. എല്ലാവരും സ്ത്രീകൾ. മാസത്തിൽ ഒരിക്കലെങ്കിലും ഇവർക്ക് ഭക്ഷണവുമായി ഇടച്ചോറ്റി ക്ഷേത്രത്തിൽ നിന്ന് സ്വാമി സരസ്വതി തീർത്ഥപാദയും ഭാരവാഹികളും എത്തും. ഫാ.സെബാസ്റ്റ്യൻ ചിറക്കലാത്തിന്റെ മേൽനോട്ടത്തിൽ സിസ്റ്റർ എൽസിറ്റിന്റെ നേതൃത്വത്തിലാണ് വൃദ്ധസദനം പ്രവർത്തിക്കുന്നത്. അന്തേവാസികളുടെ പരിചരണത്തിനായി ആറ് സിസ്റ്റർമാരും നാല് സഹായികളുമുണ്ട്. പുറംജോലികൾക്കും മറ്റുമായി മറ്റ് ജീവനക്കാരും. സേവനസന്നദ്ധരായ ഇടവകക്കാരുടേയും നാട്ടുകാരുടേയും ശ്രദ്ധയും സഹായവും എപ്പോഴുമുണ്ട്.