
മുണ്ടക്കയം: വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും മുണ്ടക്കയം ബൈപാസിൽ അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞദിവസം അമിത വേഗത്തിലെത്തിയ കാർ ബൈപ്പാസിന്റെ വശത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാർ ഇടിച്ചു തകർത്തിരുന്നു. നിറുത്തിയിട്ടിരുന്ന കാർ പൂർണമായും തകർന്നു. കാറിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
മാസങ്ങൾക്കുമുമ്പ് അമിത വേഗത്തിലെത്തിയ ആഡംബരക്കാർ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമു
ണ്ടായിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ആഴ്ചയും ഇവിടെ സംഭവിക്കുന്നത്. ബൈപ്പാസ് റോഡിന്റെ വശങ്ങളിൽ റോഡിലേക്ക് ഇറക്കി അനധികൃതമായി തടി കൂട്ടിയിട്ടിരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വേഗത്തിൽ വരുന്ന വാഹനം വളവിൽ കിടക്കുന്ന തടിയിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റുമ്പോൾ അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.
ബൈപ്പാസ് റോഡിന്റെ വശങ്ങളിൽ ലോറികൾ നിറുത്തി തടി കയറ്റുന്നതും മഴ പെയ്യുമ്പോൾ രൂപപ്പെടുന്ന വെള്ളക്കെട്ടും അപകടമുണ്ടാക്കുന്നുണ്ട്.
റീൽസുകാരെ നിയന്ത്രിക്കണം
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുവാനായി യുവാക്കൾ ബൈക്കിലെത്തി ബൈപ്പാസിൽ അഭ്യാസപ്രകടനം നട ത്തുന്നതും പതിവാണ്. പൊലീസിന്റെ പരിശോധനകൾ ഇല്ലാത്തത് ഇത്തരക്കാർക്ക് സഹായമാകുന്നു.
വാഹനങ്ങൾ കുറവ്, വേഗത കൂടുതൽ
ബൈപാസ് ആരംഭിക്കുന്ന കോസ്വേ ജംഗ്ഷനിലേക്കു ദേശീയപാതയിൽനിന്നും വാഹനങ്ങൾ തിരിഞ്ഞിറങ്ങുന്ന ഭാഗത്തെ വീതിക്കുറവും ഗതാഗതക്കുരുക്കുംമൂലം ഒട്ടുമിക്ക വാഹനങ്ങളും ദേശീയപാതയിലൂടെതന്നെ പോവുകയാണ് പതിവ്. ബൈപ്പാസ് റോഡിലൂടെ വാഹനം കുറവാണെങ്കിലും വരുന്ന വാഹനങ്ങൾ മിക്കതും അമിതവേഗതയിലായിരിക്കും.