അയ്യപ്പൻമാർക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ മെല്ലെപ്പോക്ക്
കോട്ടയം: മണ്ഡലകാലമെത്തിയിട്ടും ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കോട്ടയത്ത് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ മെല്ലെപ്പോക്കുമായി ദേവസ്വം ബോർഡ്.
കോട്ടയം റെയിൽവേസ്റ്റേഷനിൽ ഇറങ്ങുന്ന അയ്യപ്പന്മാരുടെ പ്രധാന ഇടത്താവളമാണ് തിരുനക്കര മഹാദേവ ക്ഷേത്രം. ഇവിടെ പ്രാഥമികാവശ്യം നിറവേറ്റാൻ മതിയായ സൗകര്യമില്ല. ഹോട്ടലിലോ ലോഡ്ജുകളിലോ വാടകയ്ക്ക് മുറിയെടുക്കേണ്ട അവസ്ഥയാണുള്ളത്. കോട്ടയം നഗരത്തിൽ പണം കൊടുത്തുള്ള പൊതുശൗചാലയ സംവിധാനങ്ങളധികമില്ല.
തിരുനക്കര ക്ഷേത്രക്കുളത്തോട് ചേർന്നാണ് ദേവസ്വം ബോർഡ് ശൗചാലയം. അര ഡസനിലേറെ കക്കൂസുകളുണ്ടെങ്കിലും വൃത്തിഹീനമാണ് . മെയിൻ റോഡിലോ ക്ഷേത്രമൈതാനത്തോ പൊതു ശൗചാലയത്തിന്റെ അറിയിപ്പു ബോർഡില്ല. ഇങ്ങോട്ടുള്ള പ്രവേശനകവാടം മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.തറ പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്. വെള്ളത്തിന്റെ ക്ഷാമവുമുണ്ട്. സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകൾ പൊട്ടി കക്കൂസ് മാലിന്യം ക്ഷേത്രക്കുളത്തിലെ വെള്ളത്തിൽ കലരുന്നുവെന്ന പരാതി ഉയർന്നിട്ടു നാളുകളായെങ്കിലും പരിഹാരമായില്ല. ടാങ്കു നിറഞ്ഞു കിടക്കുകയാണെന്നും പരിസരം ദുർഗന്ധ പൂരിതമാണെന്നും സമീപവാസികൾ പരാതിപ്പെട്ടിട്ടും നടപടിയില്ല.
അമ്പലക്കുളത്തിന് സമീപം ദേവസ്വം ക്യാമ്പ് ഷെഡിൽ ആയിരുന്നു അയ്യപ്പന്മാർക്ക് താത്ക്കാലിക കക്കൂസുകൾ നേരത്തേ തയ്യാറാക്കിയിരുന്നത്. സമീപവാസികളുടെ പരാതി ഉയർന്നതോടെയാണ് സ്ഥിരം ശൗചാലയം പണിതത്. ഇത് മണ്ഡല കാലത്തുമാത്രമാണ് തുറക്കുക.
വിരിവക്കാനും സൗകര്യം കുറവ്
തിരുനക്കര ക്ഷേത്ര മൈതാനത്തെ ഓഡിറ്റോറിയത്തിന്റെ വശങ്ങൾ തുണികൊണ്ടു മറച്ചാണ് ഇവിടെ എത്തുന്ന അയ്യപ്പന്മാർക്ക് വിരിവെക്കാൻ സൗകര്യമൊരുക്കുന്നത്.
ഏറ്റുമാനൂരും സൗകര്യം കുറവ്
കൂടുതൽ അയ്യപ്പന്മാരെത്തുന്ന ഏറ്റുമാനൂർ മഹേവക്ഷേത്രത്തിന് സമീപവും ശൗചാലയങ്ങൾ കുറവാണ്. ഇവിടെനിന്ന് കടപ്പാട്ടൂരെത്തി എരുമേലി വഴിയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാർ കൂടുതലും പമ്പക്ക് പോകുന്നത്.
ഏരുമേലിക്കു പുറമേ പ്രധാന ഇടത്താവളങ്ങളായ കോട്ടയം, ഏറ്റുമാനൂർ, കടപ്പാട്ടൂർ എന്നിവിടങ്ങളിൽ യോഗം വിളിച്ചു അയ്യപ്പന്മാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അലംഭാവം കാട്ടുന്നത് ഗൗരവമായ് കാണും.
വി.എൻ.വാസവൻ (ദേവസ്വംവകുപ്പു മന്ത്രി)
ഹെൽപ്പ് ഡെസ്ക് തുറന്നു
മെഡിക്കൽ കോളേജാശുപത്രിയിൽ രോഗം മൂലവും അപകടങ്ങളിൽപ്പെട്ടും പ്രവേശിപ്പിക്കപ്പെടുന്ന ശബരിമല തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി അയ്യപ്പസേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ( ഹെൽപ്പ് ഡെസ്ക് ) മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു.
കാനനപാതയിൽ പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ അയ്യപ്പൻമാർക്കു വേണ്ട സേവാ കേന്ദ്രങ്ങൾ തുടങ്ങും.മരക്കൂട്ടം സന്നിധാനം റോഡിൽ ഇരിപ്പിടങ്ങളും ലഘുഭക്ഷണശാലകളും ഒരുക്കും. ആന്റി വെനം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെ പ്രാഥമിക ശുശ്രൂഷാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനു സമീപമാണ് സേവാ കേന്ദ്ര ത്തിന്റെ പ്രവർത്തനം. റവന്യു വകുപ്പിന്റെയും ,സേവാഭാരതി, അയ്യപ്പസേവാസംഘം , അഭയം എന്നീ സംഘടനകളുടെയും പ്രവർത്തകർ 24 മണിക്കൂറും സേവന സന്നദ്ധരായി ഇവിടെയുണ്ടാകും.
വിവിധ ഭാഷകൾ സംസാരിക്കുന്ന വോളണ്ടിയർമാരുടെ പ്രവർത്തനവും ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്.
പ്രിൻസിപ്പാൾ ഡോ. വർഗ്ഗീസ് പി പുന്നൂസ്, സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, ആർ.എം.ഒ ഡോ.സാം ക്രിസ്റ്റി മാമ്മൻ, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, അയ്യപ്പ സേവാ സംഘം ദേശീയ വൈസ്.പ്രസിഡന്റ് ജയകുമാർ തിരുനക്കര എന്നിവർ പ്രസംഗിച്ചു.
എരുമേലിയിൽ ഡിവോഷണൽ
ഹബ്ബ്: മന്ത്രി രാജൻ
കോട്ടയം: ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലം പൂർത്തിയായാലുടൻ എരുമേലിയിലെ ഭവന നിർമ്മാണ ബോർഡിന്റെ സ്ഥലത്ത് കൺവെൻഷൻ സെന്റർ അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ഡിവോഷണൽ ഹബ്ബിന്റെ നിർമാണം തുടങ്ങുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
എരുമേലി ചെറിയമ്പലത്തിന് സമീപം ഭവനനിർമാണ ബോർഡിന്റെ ശബരിമല മണ്ഡലകാല തീർഥാടന വാഹന പാർക്കംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പാർക്കിംഗ് ഗ്രൗണ്ടിന്റെ ഇരുവശത്തേക്കുമുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
വിശാല പാർക്കിംഗ്
സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ ഉടമസ്ഥതയിൽ എരുമേലി ചെറിയമ്പലത്തിന് സമീപമുള്ള ആറര ഏക്കർ സ്ഥലത്തിന്റെ പകുതി സ്ഥലത്താണ് പാർക്കിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. എരുമേലിയിൽ രാജ്യാന്തരനിലവാരത്തിലുള്ള ഡിവോഷണൽ ഹബ്ബ് നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ഭവനനിർമാണ ബോർഡ് ആവിഷ്കരിച്ചിട്ടുണ്ട്. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭഘട്ടമായാണ് മിതമായ നിരക്കിൽ വാഹനപാർക്കിംഗ് സൗകര്യം ഒരുക്കുന്നത്. താൽക്കാലിക ടോയ്ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.