കോട്ടയം: വനിതാശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ ഇന്ന് മുതൽ 20 വരെ ബാലാവകാശ വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഇന്ന് ലഹരി വിരുദ്ധ കൂട്ടനടത്തം സംഘടിപ്പിക്കും. രാവിലെ ഒൻപതിന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് കൂട്ടനടത്തം ഫ്ളാഗ് ഒഫ് ചെയ്യും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. അരുൺ കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി.ജെ. ബീന, അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് വിനോദ്പിള്ള എന്നിവർ പങ്കെടുക്കും. രാവിലെ 10ന് തിരുനക്കര ഗാന്ധി ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ മുഖ്യസന്ദേശം നൽകും.