a

കോട്ടയം: വേനൽക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ ലക്ഷ്യമിടുന്ന മീനച്ചിൽ നദീതട പദ്ധതിക്ക് ഊർമായി ഡി.പി.ആർ തയ്യാറാക്കാനുള്ള നടപടി. ഇടുക്കിയിൽ വൈദ്യുതോത്പാദനത്തിന് ശേഷമുള്ള അധികജലം മീനച്ചിലാറിൽ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി.
അധിക ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിർത്തും. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ബഡ്ജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു.

മീനച്ചിൽ തടത്തിൽ 75 മീറ്റർ ഉയരത്തിൽ 228 ഹെക്ടർ ജലസംഭരണി വിസ്തൃതിയുള്ള അണക്കെട്ട് നിർമിക്കാനായിരുന്നു പ്രാഥമിക നിർദ്ദേശം. എന്നാൽ

കെ.എസ്.ഇ.ബി മീനച്ചിൽ തടത്തിൽ വഴിക്കടവിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് തുരങ്കം നിർമിച്ച് ഡൈവേർഷൻ വെയർ വഴി വെള്ളം തിരിച്ചുവിടാൻ തുടങ്ങിയതോടെ പദ്ധതി തടസപ്പെട്ടു. മീനച്ചിലിലും അതിന്റെ മൂന്ന് പ്രധാന കൈവഴികളിലും മിനി ഡാമുകൾ നിർമ്മിക്കുന്നതിനും ബദൽ പദ്ധതി ശുപാർശ ചെയ്തു.

പദ്ധതിയിങ്ങനെ

അറക്കുളം മൂന്നുങ്കവയലിൽ ചെക്ഡാം പണിയും. ഇവിടെ നിന്ന് 500 മീറ്റർ കനാലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റർ ടണൽ നിർമിച്ച് മൂന്നിലവ് പഞ്ചായത്തിൽ എത്തിക്കും. ഇവിടെ 200 മീറ്റർ ചാലു കീറി വെള്ളം കടപുഴയിലേക്ക് എത്തിക്കും.

പദ്ധതി വരുമ്പോൾ

ജലസേചന, കുടിവെള്ള പദ്ധതികൾക്ക് പിന്തുണ

 കർഷകർക്ക് പ്രയോജനം

കോട്ടയം, മീനച്ചിൽ, ചങ്ങനാശേരി താലൂക്കുകൾക്ക് പ്രയോജനം

താഴ്ന്ന പ്രദേശങ്ങളില ഓരുവെള്ളം കയറുന്നതും തടയും

'' ഡി.പി.ആർ ലഭിച്ചാൽ ഉടൻ പദ്ധതിക്ക് തുടക്കം കുറിക്കും'' മന്ത്രി റോഷി അഗസ്റ്റിൻ