ഏറ്റുമാനൂർ : മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിർമ്മാണത്തിനായി 5,90,69,054 കോടി രൂപയുടെ ഭരണാനുമതി. 1985 ലാണ് റോഡ് നിർമ്മാണം തുടങ്ങി അപ്രോച്ച് പാലം പൂർത്തിയാക്കിയത്. തുടർന്ന് കേസുകളിലും, ചുവപ്പുനാടയിലും കുരുങ്ങിയതോടെ നാട്ടുകാരുടെ ചിരകാലസ്വപ്നം പൂവണിഞ്ഞില്ല. ഒടുവിൽ മന്ത്രി വി.എൻ.വാവസന്റെ ശ്രമഫലമായാണ് സ്വപ്ന പദ്ധതിയ്ക്ക് തടസം വഴിമാറുന്നത്. അയ്മനം പഞ്ചായത്തിന്റെ 20,1 വാർഡുകളിലായാണ് പാലവും അപ്രോച്ച് റോഡും സ്ഥിതി ചെയ്യുന്നത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ പാടശേഖരങ്ങൾക്ക് നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി വരുന്ന മാഞ്ചിറയിലെ പാലം കൂടി തീരുന്നതോടെ ഈ മേഖലയിൽ നിന്ന് കുമരകം വഴി, ആലപ്പുഴ, എറണാകുളം റോഡുകളിലേക്ക് കുറഞ്ഞ സമയംകൊണ്ട് എത്താനാകും. ഇതിനായി മാഞ്ചിറ പാലത്തിന്റെ നിർമ്മാണത്തിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.

കാർഷിക അഭിവൃദ്ധിയ്ക്ക് സഹായകരം

അപ്പർകുട്ടനാടിന്റെ സമഗ്രപുരോഗതിക്കും ആയിരക്കണക്കിന് ഏക്കർ കാർഷികമേഖലയുടെ അഭിവൃത്തിക്കും റോഡ് വഴിതെളിക്കും. ഒപ്പം പടിഞ്ഞാറൻമേഖലയിലെ വിനോദ സഞ്ചാര സാദ്ധ്യതകൾക്കും ജീവൻവയ്ക്കും. റോഡ് തകർന്നു കിടക്കുന്നതിനാൽ, ആശുപത്രി ആവശ്യങ്ങൾക്ക് പോലും ഓട്ടോ വിളിച്ചാൽ എത്താറില്ലെന്ന് പ്രദേശവാസികൾക്ക് പരാതിയുണ്ടായിരുന്നു. പരിപ്പിൽ നിന്ന് കുമരകത്തേയ്ക്ക് ആറ് കിലോമീറ്ററാണ് ദൂരം.

''അയ്മനം, കുമരകം പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമാവുന്നത്.

റോഡ് പൂർത്തിയാകുമ്പോൾ ഈ പ്രദേശത്തിന്റെ വികസന മുന്നേറ്റത്തിന് അത് വഴിയൊരുക്കും. അയ്മനം കുമരകം മേഖലയിലെ ടൂറിസം പദ്ധതിക്ക് നേട്ടമാകും.

വി.എൻ വാസവൻ, മന്ത്രി

റോഡ് നിർമ്മിച്ചത് : 1985