കോട്ടയം : പ്രമുഖ ബാലസാഹിത്യകാരനായ തേക്കിൻകാട് ജോസഫിന്റെ 'സൂപ്പർ ബോയ് രാമു' ഇംഗ്ലീഷ് പതിപ്പിന് ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ 2024 ലെ ദർശൻ ബുക്ക് അവാർഡ്. 30000 രൂപയും പ്രശസ്തിപത്രവും സരസ്വതി ശില്പവും അടങ്ങിയതാണ് അവാർഡ്. ഡോ. ജോർജ് ഓണക്കൂർ, ഡോ. പോൾ മണലിൽ, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവരടങ്ങിയതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി. ലോകോത്തര നിലവാര അച്ചടി, ഇലസ്‌ട്രേഷൻ ലേ ഔട്ട്, ഓഡിയോ വേർഷൻ, പ്രസാധനം എന്നിവയും ജൂറി പ്രത്യേകം വിലയിരുത്തി. തിരുവനന്തപുരം ബ്ലൂ പി പബ്ലിക്കേഷനാണ് പ്രസാധകർ.
ഡിസംബർ ആദ്യവാരത്തിൽ ദർശന ഓഡറ്റോറിയത്തിൽ പ്രമുഖ സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു.