
കോട്ടയം: അഞ്ഞൂറു രൂപയ്ക്ക് 10 മില്ലി. അൽപ്പം ഞരമ്പിലെത്തിയാൽ മണിക്കൂറുകളോളം 'ഓണാവും'. ജിമ്മൻമാർക്കും വടംവലിക്കാർക്കും മുതൽ കോളേജ് പിള്ളേർക്ക് വരെ പ്രിയം. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ നിന്ന് രക്തസമ്മർദ്ദം കൂട്ടുന്ന മരുന്ന് പിടികൂടിയ സംഭവം യുവാക്കളുടെ അമിത ലഹരി ഉപയോഗത്തിലേയ്ക്കാണ് വിരൽച്ചൂണ്ടുന്നത്. രാസലഹരിയും കഞ്ചാവും വിൽക്കുന്നതിനേക്കാൾ റിസ്ക് കുറവും ലാഭവുമാണ് അറസ്റ്റിലായ രാമങ്കരി സ്വദേശി സന്തോഷ് മോഹനനെ പുതിയ കച്ചവടത്തിലേയ്ക്ക് അടുപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ശസ്ത്രക്രിയയ്ക്കിടെ രോഗികൾക്ക് രക്തസമ്മർദം കുറഞ്ഞാൽ അതു കൂട്ടുന്നതിനുവേണ്ടി നൽകുന്ന മരുന്ന് ഓൺലൈനിൽ നിന്നാണ് സന്തോഷ് വാങ്ങിയത്. സന്തോഷിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മരുന്ന് ഉപയോഗിക്കുന്ന ജിമ്മൻമാരേയും വടംവലിക്കാരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
റിസ്ക് ഫ്രീ, ലാഭം കൂടുതൽ
മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഡോക്ടറുടെ കുറുപ്പടിയോടെ മാത്രം ലഭിക്കുന്ന മരുന്ന് ലൈസൻസില്ലാതെ വിൽക്കുന്നത് ശിക്ഷാർഹവുമാണ്. എന്നാൽ ഓൺലൈനിൽ മരുന്ന് കിട്ടാൻ ഇതൊന്നും വണ്ട. മരുന്നുമായി പിടിയിലായാൽ 3 മൂന്നു മുതൽ അഞ്ചുവർഷം വരെ തടവും പിഴയുമാണ് പരമാവധി ശിക്ഷ. രാസലഹരിയടക്കം പിടികൂടിയാൽ നാർക്കോട്ടിക് കേസ് ബാധകമാകുന്നത് റിസ്ക് കൂടുതലായതിനാലാണ് റിസ്ക് കുറഞ്ഞ പുതുവഴികൾതിരഞ്ഞെടുക്കുന്നത്.
 തൂക്കം കുറയും ഓണാവും
ചാമ്പ്യൻഷിപ്പ് അടുത്തതോടെ ജിമ്മൻമാരും വടംവലിക്കാരും വ്യാപകമായി ഉപയോഗിക്കുകയാണ് ഈ മരുന്ന്. മണിക്കൂറുകളോളം ആക്ടീവായി നിൽക്കുമെന്നത് മാത്രമല്ല, തൂക്കം കുറയുമെന്നതും മരുന്നിന്റെ പ്രത്യേകതയാണ്. മത്സരങ്ങളിൽ ഭാരം കുറയുന്നത് ഇരുകൂട്ടരേയും മരുന്ന് കുത്തിവയ്ക്കാൻ പ്രേരിപ്പിക്കുന്നു. ലഹരി പ്രതീക്ഷിച്ചാണ് കോളേജ് വിദ്യാർത്ഥികളിൽ ഏറെയും ഉത് ഉപയോഗിക്കുന്നത്.
വൃക്ക പോകും
മരുന്ന് ഉപയോഗം വൃക്കയെ ദോഷമായി ബാധിക്കും. അറസ്റ്റിലായ സന്തോഷും വൃക്ക രോഗിയാണ്. മരുന്ന് ഉപയോഗമാണ് സന്തോഷിന്റെ വൃക്കകളേയും ബാധിച്ചതെന്ന് പൊലീസ് പറയുന്നു.