line

മുണ്ടക്കയം : ദേശീയ പാത 183 ൽ യാത്രക്കാർ എങ്ങനെ റോഡ് മുറിച്ചുകടക്കും? ശരിക്കും പെട്ടുപോകും എന്നതാണ് അവസ്ഥ.

കൊട്ടാരക്കര - ദിണ്ഡിഗൽ പാതയിൽ സീബ്രാ വരകൾ മാഞ്ഞുപോയത് കാൽനടയാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ജീവൻപണയംവച്ചാണ് വിദ്യാർത്ഥികളടക്കം മറുകരയെത്തുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ സീബ്രാലൈനുകൾ കാണാനേയില്ല. ചിറ്റടി അട്ടിവളവ്, എസ്.എൻ.ഡി.പി വളവ്, 31-ാം മൈൽ വേ ബ്രിഡ്‌ജ് വളവ്, പൈങ്ങനാ എന്നിവിടങ്ങളിലൊന്നും മുന്നറിയിപ്പ് ലൈനുകളില്ല. മൂടൽമഞ്ഞുകൂടിയായാൽ നേരം ഇരുട്ടാൽ ഹൈറേഞ്ചിലേക്കുള്ള യാത്ര വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാകും. ഇത് അപകടങ്ങൾക്കും ഇടയാക്കും.

തീർത്ഥാടക വാഹനത്തിരക്ക്

ശബരിമല സീസണായതോടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഏറെയും അന്യസംസ്ഥാന വാഹനങ്ങൾ. ഇവർക്ക് പ്രദേശം പരിചയമില്ലാത്തതും അപകടങ്ങൾക്ക് വഴിവയ്ക്കും. മുൻവർഷങ്ങളിൽ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ദേശീയപാതയിൽ സീബ്രാ ലൈനുകൾ അടക്കം വരച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ടായിരുന്നെങ്കിൽ ഇക്കുറിയുണ്ടായില്ല.

''ദിവസേന നിരവധി ആളുകളാണ് സീബ്രാലൈൻ പ്രയോജനപ്പെടുത്തുന്നത്. അടിയന്തരമായി ദേശീയപാത അധികൃതർ പ്രദേശത്ത് സീബ്രാലൈൻ പുന:സ്ഥാപിക്കണം. അപകടത്തിന് കാത്തുനിൽക്കരുത്.

രാജേന്ദ്രൻ, യാത്രക്കാരൻ