പൊൻകുന്നം: വീണ്ടുമൊരു മണ്ഡല വ്രത കാലത്തിന് തുടക്കം കുറിച്ച് ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നാളെ രാവിലെ 10.30 ന് കരിക്കേറ് നടക്കും. മല ദൈവങ്ങളെ പ്രീതിപ്പെടുത്തി മണ്ണിന്റെയും വിളകളുടെയും സംരക്ഷണത്തിനും നാടിന്റെ ഐശ്വര്യ വർദ്ധനവിനുമായി ഇളങ്ങുളം ശാസ്താ ക്ഷേത്രത്തിൽ പണ്ട് മുതൽ നടത്തിവരുന്ന ആചാരമാണ് വൃശ്ചികം ഒന്നാം തീയതിയിലെ കരിക്കേറ്. മൂഴിക്കൽ കുടുംബത്തിനാണ് പരമ്പരാഗതമായി കരിക്കേറിന്റെ ചുമതല. 40 വർഷമായി ഈ കുടുംബത്തിലെ കാരണവരായ ശ്രീധരനാണ് കാർമ്മികത്വം വഹിക്കുന്നത്.
കരിക്കേറിനു തലേന്ന് കർമ്മി വാൾ ശാസ്താ ക്ഷേത്രത്തിൽ സമർപ്പിക്കും. പിറ്റേന്ന് പൂജിച്ചവാൾ തിരികെ വാങ്ങും. തുടർന്ന് മലദൈവങ്ങളെ ഒരോന്നായി വിളിച്ചു ചൊല്ലി പ്രകീർത്തിച്ച ശേഷം കരിക്കേറ് ആരംഭിക്കും.
കരിക്കേറിനു ശേഷം ശബരിമല അയ്യപ്പസേവാ സമാജത്തിന്റെയും ഇളങ്ങുളം ധർമ്മശാസ്താ ദേവസ്വത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ
നടത്തുന്ന ശബരിമല തീർത്ഥാടകർക്കായുള്ള അന്നദാനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കും. ശബരിമല അയ്യപ്പസേവാ സമാജം, ദേവസ്വം ഭാരവാഹികളുടെയും നേതൃത്വത്തിൽ ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.