
കോട്ടയം: മുതിർന്ന സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ അത്മകഥയുമായി ബന്ധപ്പെട്ട വിവാദം കേരള രാഷ്‌ട്രീയത്തിൽ കത്തിക്കയറുന്നതിനിടെ പുസ്തക വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഷാർജയിലുള്ള ഡി.സി ബുക്സ് ഉടമ രവി ഡി.സി പറഞ്ഞു. കരാർ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചും വിശദമാക്കിയില്ല.
'കട്ടൻ ചായയും പരിപ്പുവടയും - ഒരുകമ്മ്യൂണിസ്റ്റിന്റെ ജീവിതം" എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടിവച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുമെന്ന അറിയിപ്പ് ഡി.സി ബുക്ക്സിന്റെ ഫേസ് ബുക്ക് പേജിൽ വന്നിരുന്നു. അതിൽ കൂടുതലൊന്നും പ്രതികരിക്കാനില്ല. പൊതു രംഗത്തു നിൽക്കുന്നവരെ ഞങ്ങൾ ബഹുമാനിക്കുന്നു. ഡി.സി ബുക്ക്സ് പ്രസാധകർ മാത്രമാണ്. അതിനപ്പുറം ഈ വിവാദത്തിൽ ഒന്നും പറയാനില്ല."- രവി ഡി.സി പറഞ്ഞു.
എസ്.പി തല അന്വേഷണം തുടങ്ങി
താനറിയാതെ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് കാട്ടി ഡി.സി ബുക്ക്സിനെതിരെ ഇ.പി. ജയരാജൻ ഡി.ജി.പിക്ക് നൽകിയ പരാതി അന്വേഷിക്കാൻ കോട്ടയം ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിനെ ചുമതലപ്പെടുത്തിയിരുന്നു. കേസ് എടുക്കാതെയുള്ള പ്രാഥമികഅന്വേഷണം മാത്രം നടത്തി റിപ്പോർട്ട് ഉടൻ കൈമാറുമെന്നാണ് എസ്.പി പ്രതികരിച്ചത്.