കോട്ടയം: കല്ലറ, കളമ്പുകാട് എന്നീ പ്രദേശങ്ങളിൽ മൂന്നു വീടുകളിൽ മോഷണശ്രമം. ചന്തപ്പറമ്പ് കുടിലിൽ (കുഴിവേലിൽ) സ്റ്റീഫൻ, ഇയാളുടെ സഹോദരൻ പരേതനായ ജോസ്, സമീപത്തുള്ള കൊച്ചുപുത്തൻപുരയ്ക്കൽ സെബി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. സ്റ്റീഫനും കുടുംബവും, സഹോദരന്റെ ഭാര്യ തങ്കമ്മ ജോസും മക്കളുമെല്ലാം അമേരിക്കയിലാണ് താമസം. സെബിന്റെ വീട്ടിലാണ് ആദ്യം മോഷ്ടാക്കളെത്തിയത്. വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടെ സെബിന്റെ അമ്മ ലൂസി ജേക്കബ് ശബ്ദംകേട്ട് ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് ആൾത്താമസമില്ലാത്ത സ്റ്റീഫന്റെയും സഹോദരന്റെയും വീടുകളിൽ മോഷ്ടാക്കളെത്തിയത്. വീടിന്റെ കതകുപൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ചു സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. സ്റ്റീഫന്റെ വീട് തുറന്നുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. സെബിന്റെ വീട്ടിൽ മോഷണശ്രമം നടന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സ്റ്റീഫന്റെ സുഹൃത്തുക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തിയപ്പോഴാണ് സമീപത്തെ സഹോദരന്റെ വീട്ടിലും മോഷണം നടന്ന വിവരം അറിയുന്നത്. കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.