thtre
ചങ്ങനാശേരി ഗവ.മോഡൽ ഹൈസ്‌കൂൾ വളപ്പിൽ പണിപൂർത്തിയാക്കിയ കുട്ടികളുടെ തിയേറ്റർ കെട്ടിടം

ചങ്ങനാശേരി: സംസ്ഥാനത്ത് ആദ്യമായി കുട്ടികൾ നിർമിക്കുന്ന ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനുവേണ്ടി ആരംഭിച്ച കുട്ടികളുടെ തിയേറ്റർ അടച്ചിട്ട് വർഷങ്ങൾ. ചങ്ങനാശേരി നഗരത്തിൽ ഗവ.മോഡൽ ഹൈസ്‌കൂൾ വളപ്പിലാണ് തിയേറ്റർ കെട്ടിടം. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ സംവിധാനങ്ങൾ ഇതുവരെയും ഒരുക്കുന്നതിന് അധികൃതർക്കായിട്ടില്ല.

കെട്ടിടം നോക്കുകുത്തി:
80 ലക്ഷം രൂപ മുടക്കിയാണ് നഗരസഭയുടെ നേതൃത്വത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ഇരിപ്പിടമോ പ്രൊജക്ടറോ ഒരുക്കിയിട്ടില്ല. വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നിർമിക്കുന്ന സിനിമ ചെറുചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് പദ്ധതിയുണ്ടായിരുന്നു. പഠനയാത്രകൾക്ക് പോകുന്ന സ്‌കൂളുകളിലെ കുട്ടികൾക്ക് രാത്രി കുട്ടികളുടെ സിനിമ പ്രദർശിപ്പിക്കുന്നതിനും ലക്ഷ്യമിട്ടു. എന്നാൽ ഒന്നും നടന്നില്ല.

മറ്റ് സൗകര്യങ്ങൾ ഒരുങ്ങണം
തിയേറ്റർ സംവിധാനം പൂർത്തിയാകുന്നതിന് അനുബന്ധ ഘടകങ്ങളും ഒരുങ്ങണം. എ.സി, ഇരിപ്പിടം, സ്‌ക്രീൻ എന്നിവ സജ്ജമാകണം. ഇതിനെല്ലാം ഇനിയും 60 ലക്ഷം രൂപയിലധികം വരും.സ്ഥലം വിട്ടുനൽകിയതോടെ ചങ്ങനാശേരി ഗവ.മോഡൽ ഹൈസ്‌കൂളിന്റെ ഒരുഭാഗം നഷ്ടപ്പെട്ടതല്ലാതെ തിയേറ്റർകൊണ്ട് കുട്ടികൾക്കൊരു മെച്ചവുമുണ്ടായില്ല എന്നതാണ് യാഥാർഥ്യം.

മറ്റ് സംവിധാനങ്ങൾ പൂർത്തിയാകുന്നതിന് കാലതാമസമെടുക്കുന്നതിനാൽ സ്‌ക്രീനിന് പകരം എൽ.ഇ.ഡി.വോൾ ഉറപ്പിച്ച് തിയേറ്റർ കുട്ടികൾക്കായി തുറന്നുകൊടുക്കണം (അദ്ധ്യാപകരുടെ ആവശ്യം)