nell

കോട്ടയം : കാലാവസ്ഥാ വ്യതിയാനവും, സംഭരണകുടിശികയ്ക്കായുള്ള കാത്തിരിപ്പും വൻസാമ്പത്തിക ബാദ്ധ്യതയിലേക്ക് തള്ളിവിട്ടതോടെ നെൽക്കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം കൂടുന്നു. തരിശുഭൂമിയിൽ നെൽകൃഷിയിറക്കാൻ സർക്കാർ ധനസഹായം നൽകിയിട്ടും പാടങ്ങൾ കതിരണിയുന്നില്ല. 2021 - 22ൽ 1,71,933 ഹെക്ടർ സ്ഥലത്തായിരുന്നു കൃഷി. 2022-23ൽ ഇത് 1,71,019 ഹെക്ടറായും, 2023-24ൽ 1,48,333 ഹെക്ടറായും കുറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 23100 ഹെക്ടർ കുറവ്.

മൂന്നു വർഷത്തിനിടയിൽ 54,398 കർഷകർ കൃഷി ഉപേക്ഷിച്ചു. വർഷത്തിൽ രണ്ടു കൃഷി നടത്തുന്നതിനായിരുന്നു തണ്ണീർമുക്കം ബണ്ട് സ്ഥാപിച്ചത്. കാലാവസ്ഥാ മാറ്റവും നെല്ലിനുണ്ടാകുന്ന രോഗവും കാരണം രണ്ടാം കൃഷി നഷ്ടമാണെന്നാണ് വിലയിരുത്തൽ. കൂടുതൽ സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കാനോ ഉത്പാദനം കൂട്ടാനോ രണ്ടാംകൃഷി കൊണ്ട് സാധിച്ചില്ല. എന്നാൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ രണ്ടാം കൃഷിക്കായി മൂന്നു മാസത്തിലേറെക്കാലം അടച്ചിടുന്നത് ജലമലിനീകരണമടക്കം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിതെളിച്ചു. ക‌ർഷകർക്ക് ഇരട്ട വരുമാനം ലഭിച്ചിരുന്ന ഒരു നെല്ലും മീനും പദ്ധതി ഒഴിവാക്കി രണ്ടാം കൃഷി തുടങ്ങിയതോടെ വരുമാന നഷ്ടമാണുണ്ടായത്.

പ്രശ്നങ്ങൾ നിരവധി, പരിഹാരമില്ല

കൂലിച്ചെലവിലെ വർദ്ധന

വിത്തിന്റെ ഗുണമേന്മയില്ലായ്മ

രാസവളം, കീടനാശിനി വില വർദ്ധനവ്

കൃത്യസമയത്ത് നെല്ല് സംഭരിക്കുന്നില്ല

സ്വകാര്യമില്ലുകാരുടെ ചൂഷണം

വരവിലും ചെലവ് കൂടിയത്

തരിശുനില പദ്ധതി സഹായം നിലച്ചു

ഉത്പാദക ബോണസ് ഇല്ലാതായി

ഇൻഷ്വറൻസ് പരിരക്ഷയിലെ അപാകത

''നഷ്ടം സഹിച്ച് കൃഷി ചെയ്യാൻ ആരും തയ്യാറാകാത്തതാണ് ഭൂമി തരിശിടുന്നവരുടെ എണ്ണം കൂടാനും ഉത്പാദനം കുറയാനും കാരണം. സർക്കാർ കർഷകരെ സഹായിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇനിയും കൂടും.

പൊന്നപ്പൻ (നെൽകർഷകൻ)

മൂന്നു വർഷം : കൃഷിഉപേക്ഷിച്ചവർ 54,398 കർഷകർ