
കോട്ടയം: ചാമ്പ്യൻസ് ബോട്ട് ലീഗ് സീസണിന്റെ ഉദ്ഘാടനമത്സരവും കോട്ടയം മത്സരവള്ളംകളിയും ഇന്ന് താഴത്തങ്ങാടിയിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കളക്ടറും സി.ബി.എൽ ജനറൽ കൺവീനറുമായ ജോൺ വി. സാമുവൽ പതാക ഉയർത്തും. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ മാസ്ഡ്രിൽ. ജലഘോഷയാത്ര ഫ്രാൻസിസ് ജോർജ് എം.പി ഫ്ലാഗ് ഒഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സി.ബി.എല്ലും, മത്സരവള്ളംകളിയും ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി മുൻ എം.പി തോമസ് ചാഴികാടന് നൽകി സ്മരണിക പ്രകാശനം നിർവഹിക്കും. ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ പി. വിഷ്ണുരാജ് സന്ദേശം നൽകും. വൈകിട്ട് അഞ്ചിന് ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് സമ്മാനവിതരണം നിർവഹിക്കും.
മാറ്റുരയ്ക്കാൻ 9 ചുണ്ടനുകൾ
നെഹ്‌റുട്രോഫി ജലോത്സവത്തിൽ വിജയികളായ ഒൻപതു ചുണ്ടൻ വള്ളങ്ങളാണ് സി.ബി.എല്ലിൽ മാറ്റുരയ്ക്കുക. കാരിച്ചാൽ, വീയപുരം, നടുഭാഗം, നിരണം, തലവടി, പായിപ്പാട്, ചമ്പക്കുളം, മേൽപാടം, ആയാപറമ്പ് വലിയദിവാൻജി ചുണ്ടനുകളാണ് മത്സരിക്കുക. കോട്ടയം മത്സരവള്ളംകളിയിൽ 11 കളിവള്ളങ്ങൾ മത്സരിക്കും.
സമയക്രമം ഇങ്ങനെ
ഉച്ചകഴിഞ്ഞ് 3 ന് കളിവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം
3.30ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം
4.15ന് കളിവള്ളങ്ങളുടെ ഫൈനൽ
4.40ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ