
എരുമേലി : മണ്ണിലും വിണ്ണിലും മനസ്സിലും ഭക്തിയുടെ നൈർമല്യം പകരുന്ന മണ്ഡലകാലത്തിന്റെ നാളുകളായി. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച് തീർത്ഥാടകലക്ഷങ്ങളാണ് ഇനി മതമൈത്രിയുടെ മണ്ണായ എരുമേലിയിലെത്തുക. ഇന്നലെ മുതൽ തിരക്ക് തുടങ്ങി. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലിയിൽ പേട്ടതുള്ളിയശേഷമാണ് പമ്പയിലേക്കും തുടർന്ന് സന്നിധാനത്തിലേക്കും ഭക്തർ യാത്രയാകുന്നത്. ശരീരത്തിലാകെ നിറങ്ങൾ പൂശി കിരീടവും മറ്റും ധരിച്ച് 'അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം...' എന്ന വായ്ത്താരികളുമായാണ് പേട്ടതുള്ളൽ. കൊച്ചമ്പലത്തിൽ നിന്ന് ശരക്കോലുകളും വാളുകളും ഗഥകളുമേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാവരുപള്ളിയിലെത്തി വലം വച്ചശേഷമാണ് പ്രധാന പാതയിലൂടെ വലിയമ്പലത്തിലേക്കു പോകുക. പേട്ടതുള്ളലിനുശേഷം അഴുത, കാളകെട്ടി കാനനപാതയിലൂടെ നടന്നു പോകുന്നവരുമുണ്ട്. ഏറെപ്പേരും കണമല, നിലയ്ക്കൽ വഴി പമ്പയിലേക്ക് വാഹനങ്ങളിലെത്തുകയാണ് പതിവ്. രാപ്പാകൽ തീർത്ഥാകടരുടെ വരവും, പാർക്കിംഗ്, വ്യാപാരത്തിരക്കുമൊക്കെയായി എരുമേലി ജനനിബിഡമാകും.
കുരുക്കഴിക്കാൻ എന്ന് ഉയരും മേൽപ്പാലം
തീർത്ഥാടന സീസണിൽ എരുമേലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപ്പാലം നിർമ്മിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ ജനപ്രതിനിധികൾ മുഖംതിരിഞ്ഞ് നിൽക്കുകയാണ്. കൊച്ചമ്പലത്തിൽ നിന്ന് അയ്യപ്പഭക്തർ മുസ്ലിം പള്ളിയിലേക്ക് പോകാനായി റോഡ് കുറുകെ കടക്കുമ്പോൾ ഗതാഗതം തടയുകയാണ്. ഈ സമയം കൊരട്ടി വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഭക്തരുടെ വരവ് കൂടിയാൽ അഴിയാക്കുരുക്കാകും. വിദ്യാർത്ഥികൾ ഉൾപ്പെടെ സ്കൂളുകളിൽ വൈകിയെത്തിയ സംഭവം കഴിഞ്ഞവർഷമുണ്ടായി. ഭക്തരെ കടത്തിവിടാൻ പൊലീസിനും അദ്ധ്വാനം ഏറെയാണ്. പേട്ടതുള്ളൽ, ചന്ദനക്കുടം ആഘോഷ ദിവസങ്ങളിൽ തിരക്ക് നിയന്ത്രണാതീതമാകും.
മുറ പോലെ യോഗം കൂടും, പിരിയും
എല്ലാവർഷവും മണ്ഡല മുന്നൊരുക്കയോഗത്തിൽ മേൽപ്പാല ആവശ്യം ഉന്നയിക്കാറുണ്ട്. ടൗൺ റോഡ് വൺവേയാക്കുക മാത്രമാണ് ആകെ ഏർപ്പെടുത്തുന്നത്. എന്നാൽ ഇത് കുരുക്ക് കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കും. തീർത്ഥാടക വാഹനങ്ങളും ഇതിലകപ്പെടുന്ന സ്ഥിതിയാണ്.