കുമരകം : വീട്ടമ്മമാർക്ക് സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറിത്തോട്ടം ഒരുക്കി ശുദ്ധമായ പച്ചക്കറികൾ ഉണ്ടാക്കി കുടുംബാംഗങ്ങൾക്ക് നൽകുന്നതിനൊപ്പം സമ്മാനവും നേടാൻ ഒരു അവസരം. കുമരകം നേച്ചർ ക്ലബാണ് അതിനുള്ള അവസരമൊരുക്കുന്നത്. വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്ത് മത്സരത്തിൽ പങ്കെടുക്കുന്ന വീട്ടമ്മമാരോടൊത്ത് കൃഷി അറിവുകൾ പകർന്നു നൽകാൻ കുമരകത്തെ കൃഷി വിജ്ഞാന കേന്ദ്രവുമുണ്ട്. പച്ചക്കറിയുടെ വൈവിധ്യം, സം രക്ഷണ രീതി, പച്ചക്കറിക്കൃഷിയിൽ ആർജിക്കുന്ന അറിവ്, ഉല്പാദിപ്പിക്കുന്ന പച്ചക്കറിയുടെ അളവ് എന്നിവയാണ് വിജയിയെ നിർണയിക്കുന്ന മാനദണ്ഡങ്ങൾ. ആദ്യത്തെ 5 പേർക്ക് കാഷ് അവാർഡ് നൽകും. ഏതു പ്രായക്കാർക്കും പങ്കെടുക്കാം. ആദ്യം റജിസ്റ്റർ ചെയ്ത 100 ആളുകൾക്കുള്ള ആദ്യത്തെ പരിശീലന ക്ലാസ്സ് 21 ന് രാവിലെ 9.30 മുതൽ 3.30 വരെ കവിണാറ്റിൻകരയിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിൽ ആരംഭിയ്ക്കുമെന്ന് നേച്ചർ ക്ലബ്ബ് സെക്രട്ടറി ടി.യു സുരേന്ദ്രൻ അറിയിച്ചു.