acdnt

കോട്ടയം : കുമാരനല്ലൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന പുനലൂർ സ്വദേശികളായ കുടുംബത്തിലെ 4പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ 8.45 ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം. പുനലൂരിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കു വരികയായിരുന്ന കാറിൽ എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ എത്തിയ വൈക്കം - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മാധവ് ബസ് ഇടിയ്ക്കുകയായിരുന്നു. കാറിന്റെ ഒരു വശം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. പൊലീസ് ,​ ഫയർഫോഴ്സ് സംഘമെത്തി മേൽനടപടികൾ സ്വീകരിച്ചു.