
കോട്ടയം: രാജ്യത്തെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‌പ്പനയ്‌ക്ക് ഒരുങ്ങുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും മികച്ചനേട്ടമാണ് കൊശമറ്റം ഫിനാൻസ് കൈവരിച്ചത്. കമ്പനിയുടെ വരുമാനത്തിൽ മുൻവർഷം ഇതേകാലയളവിനേക്കാൾ ആറ് ശതമാനം വർദ്ധനയുണ്ടായി. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 80 കോടി രൂപയാണ് പ്രവർത്തന ലാഭം. അറ്റമൂല്യത്തിൽ കഴിഞ്ഞ വർഷം സെപ്തംബർ പാദത്തേക്കാൾ 17 ശതമാനം വർദ്ധനയുണ്ടായി. സ്വർണ വായ്പാ മേഖലയിൽ കൂടുതൽ അവസരങ്ങളുള്ളതിനാൽ അടുത്ത സാമ്പത്തിക വർഷം നൂറിലധികം ശാഖകൾ തുറന്ന് പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു. കെ. ചെറിയാൻ അറിയിച്ചു. ഇതിനായി പണം കണ്ടെത്താനാണ് ഓഹരി വില്‌പ്പന നടത്തുന്നത്.