kuruva

കോട്ടയം : സമീപ ജില്ലകളിൽ അതിക്രൂരന്മാരായ കുറവ മോഷണസംഘത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ ജില്ലയിലും ജാഗ്രത. രാത്രി പട്രോളിംഗ് പൊലീസ് ശക്തമാക്കി. വീട് അടച്ചുപോകുന്നവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളം ,​ ആലപ്പുഴ ജില്ലകളിൽ കുറുവ സംഘങ്ങൾ ഭീതി വിതച്ചതിന് പിന്നാലെയാണ് ജില്ലയിൽ പൊലീസ് മുൻകരുതൽ. ഡിവൈ.എസ്.പി തലത്തിൽ പൊലീസുകാരെ കോ-ഓർഡിനേറ്റ് ചെയ്താണ് നിരീക്ഷണം. പ്രധാന വഴികൾക്ക് പുറമേ ഇടവഴികളിലും പട്രോളിംഗുണ്ട്. റെയിൽവേപ്പാളങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിലും പ്രത്യേക പരിശോധന നടത്തും.

പകൽ ഫീൽഡിലിറങ്ങി ഗൃഹപാഠം ചെയ്ത് രാത്രിയിൽ കവർച്ച ചെയ്തു മടങ്ങുന്നതാണ് ഇവരുടെ രീതി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, സേലം മേഖലകളിലെ തിരുട്ടുഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണിത്. ധൈര്യവും, കായികശേഷിയും ആവോളമുള്ളവർ. ഒരു പ്രദേശത്ത് അഞ്ചോ അതിലധികം ആളുകളായി എത്തും. പകൽ വസ്ത്രവില്പന, ആക്രിപെറുക്കൽ, അമ്മിക്കല്ലുകൊത്തൽ, ആയുധങ്ങൾക്കു മൂർച്ച കൂട്ടൽ എന്നിങ്ങനെയുള്ള ജോലി ചെയ്യുന്നവരെന്ന വ്യാജേന എത്തി വീടുകൾ കണ്ടു വയ്ക്കും. പുലർച്ചെ ഒന്നിനു ശേഷം ഇവിടങ്ങളിലെത്തി മോഷണം നടത്തും.

കൊല്ലാനും മടിക്കില്ല

അടിവസ്ത്രം മാത്രം ധരിച്ചു മൂഖംമൂടിയെത്തുന്ന സംഘം കാത്തുനിൽക്കാതെ വാതിൽ ഭാരമേറിയെ എന്തെങ്കിലും കൊണ്ട് തകർത്ത് അകത്തു കയറുന്നതാണ് രീതി. എതിർക്കുന്നവരെ കൈയിൽ കിട്ടുന്ന ആയുധം കൊണ്ട് ആക്രമിക്കും. കൊല്ലാനും മടിക്കില്ല. ഒരു ദിവസം ഒരേ സ്ഥലത്ത് ഒന്നിലേറെ വീടുകളിൽ കവർച്ച നടത്തുന്നതും ഇവരുടെ രീതിയാണ്.

പ്രത്യേകതയിങ്ങനെ

 വരവും പോക്കുംട്രെയിനിൽ, ട്രാക്കുകളോട് ചേർന്ന് തങ്ങും

 ഒരേസമയം അഞ്ചോ അതിലധികം ആളുകളായി എത്തും.

 പകൽ പലവിധ ജോലിക്കാരെന്ന വ്യാജേന വീട് കണ്ടുവയ്ക്കും.

 പുലർച്ചെ ഒന്നിനു ശേഷം ഇവിടങ്ങളിലെത്തി മോഷണം നടത്തും

'' കുറുവ സാന്നിദ്ധ്യം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ കൈക്കൊണ്ടിട്ടുണ്ട്. സംശയകരമായി ആരെയെങ്കിലും രാത്രികാലങ്ങളിൽ കണ്ടാൽ പൊലീസിനെ അറിയിക്കാം.

ഷാഹുൽ ഹമീദ്, ജില്ലാ പൊലീസ് മേധാവി