
വൈക്കം : പാടശേഖരങ്ങൾ ശുചീകരിച്ച് നെൽക്കൃഷി. പുരയിടങ്ങൾ കിളച്ചൊരുക്കി പച്ചക്കറിക്കൃഷി. കുളങ്ങൾ വൃത്തിയാക്കി മത്സ്യക്കൃഷി. ആശ്രമം സ്‌കൂളിലെ കുട്ടികൾക്ക് പ്രകൃതിയും പാഠപുസ്തകമാണ്. ഏത് കൃഷി, എവിടെ, എപ്പോൾ, എങ്ങനെ എന്നതിനെക്കുറിച്ച് നേടിയ അറിവാണ് ഓരോ കൃഷിയുടെയും വിജയത്തിന് പിന്നിൽ. മണ്ണിന്റെ മണവും ഗുണവും അറിഞ്ഞ് കാലവും നേരവും നോക്കി വിത്ത് പാകിയാൽ അതിന്റെ വിളവ് എത്രയെന്ന് വിദ്യാർത്ഥികൾക്കറിയാം. കൃഷിരീതികൾ പഠിച്ചത് കർഷകരിൽ നിന്നാണെന്നതും നേട്ടമായി. ചേനക്കൃഷിയിലും നൂറുമേനി വിളവായിരുന്നു. കഴിഞ്ഞ ദിവസം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വിളവെടുപ്പ് ഉദ്ഘാടനം നടത്തിയത്.
കപ്പ, പടവലം, വഴുതന, ചീര, വെള്ളരി, വെണ്ട, പാവൽ, പയർ, തക്കാളി, ചേന, റാഡിഷ് വാഴ, മത്തൻ, കുമ്പളം, കരിമീൻ കൃഷിയും വിദ്യാർത്ഥികൾ ചെയ്യുന്നു. സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ.എസ്.എസ് യൂണിറ്റ്, റെഡ് ക്രോസ്, അദ്ധ്യാപകർ, പി.ടി.എ എന്നീ വിഭാഗങ്ങളുടെ പിൻബലവും ശക്തിയും വിദ്യാർത്ഥികൾക്കുണ്ട്.
കൃത്യമായ വളപ്രയോഗം
സമയാസമയങ്ങളിലെ സംരക്ഷണവും , വളപ്രയോഗവും കാരണം മികച്ച വിളവാണ് ലഭിക്കുന്നത്. കൃത്യമായി പരിപാലിച്ചാൽ വിളവ് കൂടുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. തലയാഴം പഞ്ചായത്തിലെ ഒരേക്കർ സ്ഥലത്താണ് കൃഷിപാഠം പദ്ധതിയുടെ നാലാംഘട്ട കൃഷി നടത്തിയത്. വിളവെടുപ്പിന് തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി ദാസ്, പ്രിൻസിപ്പൾമാരായ ഇ.പി.ബീന , കെ.എസ്.സിന്ധു , പ്രഥമാദ്ധ്യാപിക പി.ആർ.ബിജി , സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കൺവീനർ വൈ.ബിന്ദു , സി.എസ്.ജിജി , ബീന കെ.സുഗതൻ , ടി.എസ്.സാംജി തുടങ്ങിയവർ പങ്കെടുത്തു.