swimming

വൈക്കം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട് കായൽ സാഹസികമായി നീന്തിക്കയറിയ ആറാം ക്ലാസുകാരൻ എബെൻ ജോബി വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി. കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ ജോബി എബ്രഹാം - മെറിൻ ജോബി ദമ്പതികളുടെ മകനായ എബെൻ കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയാണ്. ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്ററാണ് ഒരു മണിക്കൂർ 23 മിനിറ്റ് കൊണ്ട് നീന്തിക്കടന്നത്. ഇരു കൈകാലുകൾ ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൺകുട്ടി എന്ന ഖ്യാതിയും എബെന് സ്വന്തം. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ആറിലെ കുത്തൊഴുക്കുള്ള ഭാഗത്തായിരുന്നു പരിശീലനം. എബെൻ ജോബിയെ വൈക്കം ഡിവൈ.എസ്.പി സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിൽ സ്വീകരിച്ചു.