
കോട്ടയം : താഴത്തങ്ങാടി ആറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ആദ്യ മത്സരത്തിന്റെ ഫൈനൽ സംഘർഷത്തെ തുടർന്ന് ഉപേക്ഷിച്ചു. കനത്തമഴയിൽ ഹീറ്റ്‌സ് മത്സരം നടത്തിയതിൽ പ്രതിഷേധിച്ച് കുമരകം ടൗൺ ബോട്ട് ക്ലബ് ടീം അംഗങ്ങൾ തുഴഞ്ഞ നടുഭാഗം ചുണ്ടൻ ആറിന് കുറുകെയിട്ടതോടെയാണ് മത്സരങ്ങൾ നടത്താനാകാതെ വന്നത്. മറ്റ് ക്ലബുകൾ മഴ മാറിയ ശേഷമാണ് മത്സരിക്കാൻ തയ്യാറായത്. ഹീറ്റ്സിലെ മികച്ച സമയം പരിഗണിച്ചപ്പോൾ കുമരകം ടീം നാലാമതായി ഫൈനലിൽ യോഗ്യത നേടിയില്ല. മഴയത്ത് മത്സരിച്ചതാണ് പിന്നിലാകാൻ കാരണമെന്നും വീണ്ടും മത്സരം നടത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും സംഘാടകർ തള്ളി. ഇതോടെയാണ് പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ഇതിനിടെ ഇരുട്ടുകുത്തി വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ ആരംഭിച്ചിരുന്നു. അതിവേഗത്തിൽ തുഴഞ്ഞുവന്ന വള്ളങ്ങൾ വേഗത കുറച്ചതിനാലാണ് ട്രാക്കിന് കുറുകെ ഇട്ട ചു ണ്ടനിൽ ഇടിക്കാതിരുന്നത്. പ്രതിഷേധക്കാർ ട്രാക്കും, ടൈമറും തകർത്തു. കരയിലും തുഴച്ചിലുകാരും പൊലീസും തമ്മിൽ നിരവധിത്തവണ ഏറ്റുമുട്ടി. കൂടുതൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ഹീറ്റ്സിലെ സമയത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് വീതംവയ്ക്കാനും, മത്സരം തടസപ്പെടുത്തിയ കുമരകം ടൗൺ ബോട്ട് ക്ലബിനെതിെരെ നടപടി എടുക്കാനുമാണ് തീരുമാനം. കമ്മിറ്റി കൂടി തീരുമാനിച്ചേക്കുമെന്നറിയുന്നു. ശക്തമായ മഴയെ തുടർന്നു മത്സരം ഒരു മണിക്കൂറോളം തടസപ്പെട്ടതോടെ വെളിച്ചക്കുറവും പ്രതിഷേധിച്ചവർ ട്രാക്കും, ടൈമറും തകർത്തതും കാരണം മത്സരം ഉപേക്ഷിക്കാൻ സംഘാടകർ നിർബന്ധിതരാവുകയായിരുന്നു.