വൈക്കം: ശൈവ ചൈതന്യം അനുഗ്രഹവർഷമായി പെയ്തിറങ്ങും. കർപ്പൂരദീപപ്രഭയിൽ ഋഷഭവാഹനമേറി ശ്രീമഹാദേവൻ ഇന്ന് എഴുന്നള്ളും.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുടെ പ്രധാന ചടങ്ങുകളിലൊന്നായ ഋഷഭവാഹനം എഴുന്നള്ളിപ്പ് ഇന്ന് രാത്രി 11 ന് നടക്കും. ഉത്സവത്തിന്റെ എഴാം ദിനത്തിൽ ആനപ്പുറത്ത് വിളക്കെഴുന്നള്ളിപ്പിന് പകരം ഭഗവാൻ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം,പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തിൽ 40 ൽ പരം മൂസതുമാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കും. നാദസ്വരം, പരുഷവാദ്യം, പഞ്ചാരിമേളം, ചെണ്ടമേളം, ഘട്ടിയം എന്നീ വാദ്യങ്ങൾ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് രണ്ടു മണിക്കൂർ നീണ്ടുനിൽക്കും.
മുക്കുടിക്കൂട്ട് സമർപ്പിച്ചു
വൈക്കം: മഹാദേവക്ഷേത്രത്തിൽ മുക്കുടിക്കൂട്ട് സമർപ്പിച്ചു. പാരമ്പര്യമായി മുക്കുടിക്കൂട്ട് തയ്യാറാക്കുന്ന തൃശുർ വടക്കാഞ്ചേരി കുട്ടൻഞ്ചേരി ഇല്ലത്തെ കെ.ജെ. ശ്രീകുമാണ് മഹാദേവ ക്ഷേത്രത്തിൽ മുക്കുടിക്കൂട്ട് സമർപ്പിച്ചത്. കഴിഞ്ഞ നാലു വർഷമായി ശ്രീകുമാറാണ് ക്ഷേത്രനടയിൽ മുക്കുടി സമർപ്പിക്കുന്നത്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന 12 ഇനം പച്ചമരുന്നുകൾ വെയിലത്ത് ഉണക്കി പൊടിച്ചാണ് മുക്കുടി ഒരുക്കുന്നത്. സഹോദരൻ ജെ. ജിതേഷ്, ശ്രീകുമാറിന്റെ ഭാര്യ ശ്രീദേവി ,ശ്രീരുദ്ര, ശ്രീകുമാറിന്റെ പിതൃ സഹോദരിമാരായ സതി ,രാധ എന്നിവരാണ് മുക്കുടി സമർപ്പിക്കുവാനെത്തിയത്.
വൈക്കത്തഷ്ടമി കൊടിയേറി പതിനാലാം ദിവസമായ 25ന് വൈക്കത്തപ്പന് മുക്കുടി നേദിക്കും. ഉത്സവത്തിന്റെ ഭാഗമായി പതിമൂന്ന് ദിവസത്തെ നിത്യ നിദാനം ഉൾപ്പടെയുളള പൂജാക്രമങ്ങളിൽ വന്ന് പെട്ടേക്കാവുന്ന ഉദരസംബന്ധമായ രോഗാവസ്ഥക്ക് പ്രതിവിധിയായി ഭഗവാന് ചെയ്യുന്ന നിവേദ്യമാണ് മുക്കുട്ടി. തിടപ്പള്ളിയിൽ ഗുദ്ധമായ മോരിൽ തയ്യാറാക്കുന്ന ഔഷധക്കൂട്ട് ഉച്ചപൂജയുടെ പ്രസന്നപുജക്കാണ് ഭഗവാന് നേദിക്കുന്നത്.
പിന്നീടത് ഭക്തജനങ്ങൾക്ക് പ്രസാദമായി ലഭിക്കും.
ഭക്തിസാന്ദ്രം കൂടിപ്പൂജ
ഭക്തിയുടെ നിറവിൽ ഉദയനാപുത്തപ്പന്റെ ആറാട്ടും കൂടിപ്പൂജവിളക്കും നടന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ആറാട്ടുകുളത്തിലായിരുന്നു ഉദയനാപുത്തപ്പന്റെ ആറാട്ട് . തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. എഴുന്നള്ളിപ്പ് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം കയറിയപ്പോൾ ആചാരപ്രകാരം പിതാവായ വൈക്കത്തപ്പൻ എഴുന്നള്ളി ഉദയനാപുരത്തപ്പനെ എതിരേറ്റ് ആറാട്ടിനായി ആനയിച്ചു. താന്ത്രിക വിധിപ്രകാരം ഉദയനാപുരത്തപ്പന്റെ ആറാട്ടു നടന്നു. ആറാട്ടിന് ശേഷം എഴുന്നള്ളിയ ഉദയനാപുരത്തപ്പനെ വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും ഒരേ പീഠത്തിലിരുത്തി കൂടിപ്പൂജ നടത്തി. കൂടിപ്പൂജ വിളക്കിന് നിറപറയും നിറദീപവും വാദ്യമേളങ്ങളും ഗജവീരൻമാരും വാദ്യമേളങ്ങളും അകമ്പടിയായി. വടക്കേ ഗോപുരനടയിൽ ഇരുദേവൻമാരും അഭിമുഖമായി നിന്ന് ഉപചാരം ചൊല്ലി യാത്ര ചോദിച്ചതോടെ കൂടിപ്പൂജ വിളക്കിന് സമാപനമായി.
ഉദയനാപുരത്തപ്പന് വരവേൽപ്പ് നൽകും
വൈക്കത്തഷ്ടമി നാളിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് വലിയ കവല ഓർണ്ണമെന്റൽ ഗേറ്റ് അഷ്ടമി വിളക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും. കൂട്ടുമ്മേൽ ഭഗവതി, ശ്രീനാരായണപുരം ദേവൻ എന്നിവരോടൊപ്പം വരുന്ന ദേവസേനാധിപനായ ഉദയനാപുരത്തപ്പന് വൈക്കം ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ ഓർണ്ണമെന്റൽ ഗേറ്റിലാണ് ആദ്യ വരവേൽപ്പ് നൽകുന്നത്. അഷ്ടമി ദിവസം പന്തൽ വിളക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 101 പറ അരിയുടെ അന്നദാനവും ഒരുക്കുന്നുണ്ട്. ചടങ്ങുകൾക്ക് പ്രസിഡന്റ് കെ.വി.പവിത്രൻ, സെക്രട്ടറി എസ്.രതീഷ്, ട്രഷറർ യു.കെ. ഷിനു എന്നിവർ നേതൃത്വം നല്കും.
ചിത്രം.
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തിക വിളക്കിനെഴുന്നളളിച്ചപ്പോൾ
പഞ്ചാരിമേളം ഇന്ന്
അഷ്ടമി ഏഴാം ഉത്സവദിനമായ ഇന്ന് ക്ഷേത്രത്തിൽ രാവിലെ 11ന് തേരോഴി രാമക്കുറുപ്പിന്റെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചാരിമേളം അരങ്ങേറും.100 ൽപരം കലാകാരന്മാർ പങ്കെടുക്കും.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 5ന് പാരായണം, 7.30 ന് സംഗീതസദസ്സ്, 8ന് ശ്രീബലി, 11ന് പഞ്ചാരിമേളം, 11ന് സോപാന സംഗീതം, 11.30ന് സംഗീത സദസ്സ്, 1ന് തിരുവാതിര, 4ന് സംഗീത സദസ്സ്, 5ന് കാഴ്ച ശ്രീബലി, 6ന് പൂത്താലം വരവ്, നൃത്തനൃത്യങ്ങൾ 7ന് ഭക്തി ഗാനസുധ 8ന് ഭരതനാട്യം 11ന് ഋഷഭവാഹന എഴുന്നള്ളിപ്പ്.