
കോട്ടയം : ലോകടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കുമരകത്തിന്റെ മണ്ണിലേക്ക് സീപ്ലെയിൻ പറന്നിറങ്ങുമോയെന്ന പ്രതീക്ഷ സജീവമാകുന്നു. ഏത് സാഹചര്യത്തിലും സീപ്ലെയിൻ പറന്നിറങ്ങാൻ വേമ്പനാട്ടുകായൽ അനുയോജ്യമാണെന്ന വിലയിരുത്തലാണ് ആകാശസ്വപ്നങ്ങൾക്ക് ചിറക് വിടർത്തുന്നത്. കൊച്ചി - മാട്ടുപ്പെട്ടി സീപ്ലെയിൻ പരീക്ഷണ പറക്കലോടെയാണ് ചർച്ചകൾ സജീവമായത്. കായലും, വീട് വഞ്ചിയും ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് പുതിയ സാദ്ധ്യത ഉണർത്തുന്നതാണ് പദ്ധതി. മുൻപും ഇത് സംബന്ധിച്ച് അഭിപ്രായങ്ങൾ ഉയർന്നപ്പോൾ പക്ഷിസങ്കേതത്തിന്റെ പ്രവർത്തനം ഉൾപ്പെടെ താളം തെറ്റുമെന്ന് എതിർപ്പ് ഉയർന്നിരുന്നു. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കുമരകത്തിന്റെയും വേമ്പനാട്ടു കായലിന്റെയും സൗന്ദര്യം ആവോളം നുകരാനാകും.
കൊച്ചി ടു കുമരകം അതിവേഗം
ഹോട്ടലുകളും റിസോർട്ടുകളും ഹെലികോപ്ടറിൽ കൊച്ചിയിൽ നിന്ന് കുമരകത്ത് സഞ്ചാരികളെ എത്തിക്കുന്നുണ്ട്. 20, 25 മിനിറ്റാണ് വേണ്ട സമയം.എന്നാൽ ഇതിലും കുറഞ്ഞ സമയത്തിൽ സീപ്ലെയിന് എത്താൻ കഴിയും. കുമരകത്ത് റിസോർട്ടുകൾ ചേർന്ന് ഹെലികോപ്‌ടർ ടൂറിസം പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും ജനപ്രീതി നേടിയില്ല. സംസ്ഥാന ബഡ്ജറ്റിൽ കുമരകത്ത് ഹെലിപ്പാഡ് നിർമ്മിക്കുന്നതിന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും നടപ്പായില്ല.
''ആഗോളടൂറിസം ഗ്രാമമെന്ന പേര് ജി 20 ഷെർപ്പ സമ്മേളനത്തോടെ ഊട്ടിയുറപ്പിച്ച കുമരകത്ത് അനിവാര്യമായ പദ്ധതിയാണ് സീ പ്ലെയിൻ.
(ടൂർ ഓപ്പറേറ്റർമാർ)