police

മുണ്ടക്കയം : ജില്ലയിലെ ആദ്യ പൊലീസ് ക്യാന്റീനാണ് മുണ്ടക്കയത്തേത്. പക്ഷെ പറഞ്ഞിട്ടെന്ത് പ്രയോജനം അടഞ്ഞ് കിടക്കാനാണ് വിധി. പൂട്ടുവീണിട്ട് മൂന്നുവർഷമായി. 2020 ഫെബ്രുവരി അഞ്ചിനായിരുന്നു മുണ്ടക്കയം സ്റ്റേഷനോട് അനുബന്ധിച്ച് കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ച് പുതിയ കെട്ടിടം പണിത് ക്യാന്റീൻ ആരംഭിച്ചത്. കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയോട് ചേർന്ന് 1500 സ്‌ക്വയർ അടിയിൽ നിർമ്മിച്ച ക്യാന്റീനിൽ 75 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാമായിരുന്നു. മുകളിലെ നിലയിൽ 150 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും. സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ ആറംഗ സമിതിക്കായിരുന്നു പ്രവർത്തന ചുമതല.

കെട്ടിടവും അനാഥം

പൊലീസുകാരുടെ സാമ്പത്തിക പങ്കാളിത്തത്തോടൊപ്പം നാട്ടിലെ സുമനസുകളുടെ സഹകരണവും ലഭ്യമായി. സാധാരണക്കാർക്കു കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുയായിരുന്നു ലക്ഷ്യം. പൊതുസമൂഹത്തിൽ നിന്ന് മികച്ച പിന്തുണയുമാണ് ലഭിച്ചത്. എന്നാൽ 2021 ൽ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ഇതിനായി നിർമ്മിച്ച കെട്ടിടവും അനാഥമായി.

ചെലവഴിച്ചത് : 32 ലക്ഷം രൂപ

''ക്യാന്റീൻ സാധാരണക്കാർക്ക് വേണ്ടി തുറന്നു കൊടുക്കണം. ശബരിമല തീർത്ഥാടന കാലമായതിനാൽ അയ്യപ്പഭക്തർക്കും ഇത് ഏറെ ആശ്വാസമാകും.

-ഗോപാലകൃഷ്ണൻ, പ്രദേശവാസി