
കോട്ടയം : ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഉദ്ഘാടന മത്സരം അലങ്കോലപ്പെട്ടതിന്റെ നാണക്കേടിൽ നിന്ന് തലയൂരാൻ കുമരകം ടൗൺബോട്ട് ക്ലബിനെതിരെ നിയമനടപടിയുമായി സംഘാടകർ. ചുണ്ടൻവള്ളം കുറുകെയിട്ട് മത്സരം തടസപ്പെടുത്തിയെന്ന് കാട്ടിയാണ് തീരുമാനം.
ട്രാക്ക് തിരിച്ചറിയാൻ സ്ഥാപിച്ച അടയാളങ്ങളും , സ്റ്റാർട്ടിംഗ് മുതൽ ഫിനിഷിംഗ് വരെയുള്ള കമ്മ്യൂണിക്കേഷൻ സംവിധാനവും തകർത്തു. പവലിയനിൽ നാശനഷ്ടങ്ങൾ വരുത്തി. മത്സരം റദ്ദാക്കിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇത് ബോട്ട് ക്ലബ് ക്യാപ്ടൻ ടോണി വക്കച്ചനിൽ നിന്ന് ഈടാക്കണമെന്ന് കോട്ടയം വെസ്റ്റ് ക്ലബ് ഭാരവാഹിയോഗം തീരുമാനിച്ചു.
അതേസമയം സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കളക്ടർ ജോൺ വി.സാമുവൽ പറഞ്ഞു.
അപമാനിച്ചെന്ന് നഗരസഭ ചെയർപേഴ്സൺ
താഴത്തങ്ങാടി ആറും പരിസരവും രണ്ടാഴ്ചയോളം ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കി ആവശ്യമായ സൗകര്യമൊരുക്കിയ
നഗരസഭ നേതൃത്വത്തെ സംഘാടകർ അപമാനിച്ചെന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ കേരളകൗമുദിയോട് പറഞ്ഞു. പരിപാടിയുടെ നോട്ടീസ് കിട്ടിയില്ല. വാട്സ് ആപ്പ് മെസേജാണ് ലഭിച്ചത്. പ്രോട്ടോക്കോൾ പാലിക്കാതെ നോട്ടീസിൽ ചെയർപേഴ്സന്റെ പേര് ആശംസാപ്രസംഗകരായ കൗൺസിലർമാർക്കും താഴെയായിരുന്നു. ഇത് വേദനയുണ്ടാക്കിയതിനാൽ പ്രസംഗത്തിന് നിന്നില്ല. ഇത് സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
അമ്പേ പരാജയം, വീഴ്ചകളേറെ
ചെറുവള്ളങ്ങളുടെ മത്സരം ഒന്നര മണിക്കൂർ വൈകി
പെരുമഴയയിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്
ഒന്നാം ഹീറ്റ്സിനു ശേഷം മത്സരം നിറുത്തിവച്ചു
മഴ ടൗൺക്ലബിന്റെ തുഴച്ചിൽ വേഗത കുറച്ചു
മറ്റ് ക്ലബുകൾ മഴയത്ത് തുഴയാൻ തയ്യാറായില്ല
ഫൈനലിൽ എത്താനാകാതെ ടൗൺ ക്ലബ് പുറത്ത്
മത്സരം വീണ്ടും നടത്തണമെന്ന ആവശ്യം തള്ളി
ചുണ്ടൻവള്ളം ആറിന് കുറുകെയിട്ട് പ്രതിഷേധം
ഇതിനിടയിലേക്ക് ചെറുവള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ
പ്രകോപനം സൃഷ്ടിച്ച് കാര്യങ്ങൾ സംഘർഷത്തിലേക്ക്