
എരുമേലി : സുരക്ഷാ സംവിധാനങ്ങൾ നിരവധിയൊരുക്കിയിട്ടും കണമല അട്ടിവളവിലെ അപകടങ്ങൾക്ക് കടിഞ്ഞാണിടാനാകാതെ അധികൃതർ. ശബരിമല തീർത്ഥാടനകാലം തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ ബസ് മറിഞ്ഞ് 6 ഭക്തർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. കഴിഞ്ഞ മകരവിളക്ക് സീസണിലും തീർത്ഥാടകവാഹനവും ട്രാൻ.ബസും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റിരുന്നു.
കുത്തനേയുള്ള ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. പ്രളയത്തിൽ തകർന്ന സമാന്തരപാത സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. അപകടങ്ങൾ തുടർക്കഥയായതോടെയാണ് എരുത്വാപ്പുഴ - കണമല സമാന്തരപാത നിർമ്മിച്ചത്. വൺവേ സംവിധാനമടക്കം ഏർപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ 2021 ലെ പ്രളയത്തിൽ പാത തകർന്നു. പിന്നീട് ആരുംതിരിഞ്ഞ് നോക്കാതെ കാടുകയറി കിടക്കുകയാണ്. അടിയന്തരമായി ഇത് പുനർനിർമ്മിച്ച് വാഹനങ്ങൾ ഇതുവഴി തിരിച്ച് വിടണമെന്നാവശ്യം ശക്തമാണ്.