veliyetam

കുമരകം : കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖലകളിൽ പുഞ്ചക്കൃഷിയ്ക്ക് ഭീഷണിയായി വൃശ്ചിക വേലിയേറ്റം. കുമരകം , തിരുവാർപ്പ് പഞ്ചായത്തുകളിലായി കിടക്കുന്ന 1200 ഏക്കർ വരുന്ന എം.എൻ ബ്ലോക്ക് പാടശേഖരത്തെ കർഷകർ വിത നടത്താനാകാതെ ദുരിതത്തിലാണ്. വറ്റിച്ച് നിലമൊരുക്കലിന് ശേഷം കള നശിയ്ക്കാൻ വെള്ളം കയറ്റിയിട്ടശേഷം വിതയ്ക്കായി വെള്ളം വറ്റിച്ച് തുടങ്ങിയപ്പോഴാണ് മഴയും, വേലിയേറ്റവും വില്ലനായത്. വിതച്ച പാടങ്ങളിലെ നെല്ല് കിളിർത്തു പൊന്താനോ, നെൽവിത്ത് തുടർന്ന് വിതയ്ക്കാനോ സാധിക്കാതെ വെള്ളം വറ്റിക്കിട്ടുന്നത് വരെ കാത്തിരിക്കുകയാണ് കർഷകർ. മഴ തുടർന്നാൽ വിത തുകർത്തിയെടുക്കാൻ കഴിയാതെവരും. കിളിർപ്പിച്ച വിത്തും നശിക്കും. ഇത് വലിയ നഷ്ടമുണ്ടാക്കും. കായലുകളിലെയും പാടശേഖരങ്ങളിലെയും മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നതിനും തടസമാണ്.

തോടുകളിൽ ജലനിരപ്പുയർന്നു

തോടുകളിലടക്കം ജലനിരപ്പ് ഉയർന്നു. വേലിയേറ്റ , വേലിയിറക്ക സമയങ്ങളിൽ ഒന്നര അടിയോളം വെള്ളത്തിന്റെ വ്യത്യാസമാണ് ഇപ്പോൾ. തണ്ണീർമുക്കം ബണ്ടിലെ മദ്ധ്യഭാഗത്തുണ്ടായിരുന്ന തുരുത്ത് നീക്കം ചെയ്ത് ഷട്ടർ സ്ഥാപിച്ച് ഉയർത്തിയതാണ് വേലിയേറ്റ ഇറക്കത്തിൽ കൂടുതൽ വെള്ളം ഒഴുകാൻ ഇടയാക്കുന്നത്.

വെള്ളം വറ്റിക്കൽ അധികബാദ്ധ്യത
എല്ലാവർഷവും കർഷകർ നേരിടുന്ന പ്രശ്‌നമാണ് വൃശ്ചിക വേലിയേറ്റം. വെള്ളത്തിന്റെ നില പരിശോധിച്ച് അതിനനുസരിച്ച് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചും തുറന്നും ക്രമീകരിച്ചാൽ വലിയൊരളവിൽ കൃഷിയെ സംരക്ഷിക്കാമെന്നാണ് കർഷകർ പറയുന്നത്. വെള്ളംകയറിയതോടെ കൃഷിയിടങ്ങളിൽ മോട്ടോർ ഉപയോഗിച്ച് വറ്റിക്കുക എന്ന അധിക ബാദ്ധ്യതയും കർഷകന്റെ തലയിലാണ്.