sad

കോട്ടയം : താഴത്തങ്ങാടിയാറ്റിൽ നടന്ന ആദ്യ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം റദ്ദാക്കേണ്ടി വന്നത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കൽ കമ്മിറ്റി വിലയിരുത്തൽ. ഇത് സംബന്ധിച്ച് ടൂറിസം മന്ത്രി വിശദീകരണം തേടി. ലക്ഷങ്ങൾ മുടക്കി നടത്തുന്ന സി.ബി.എൽ അലങ്കോലപ്പെടുത്തിയതിനെതിരെ കർശന നടപടി വേണമെന്നാണ് സ‍ർക്കാർ നിലപാട്.

വള്ളംകളി നിയന്ത്രിക്കുന്നതിൽ പൂർണമായും സംഘാടകർ പരാജയപ്പെട്ടു. ഒരേപോലെ വള്ളങ്ങൾക്ക് സ്റ്റാർട്ടിംഗ് ക്രമീകരിച്ചില്ല. മഴയത്ത് മത്സരിക്കാൻ ബോട്ടു ക്ലബുകൾ സമ്മതിച്ചിട്ടും ആദ്യ ഹീറ്റ്സിനു ശേഷം നിലപാട് മാറ്റിയ ക്ലബുകൾക്കെതിരെ നടപടിഎടുത്തില്ല. ചുണ്ടൻ കുറുകെയിട്ട് അപകടസാഹചര്യമുണ്ടാക്കി. ഒരു ക്യാപ്ടൻ കരയിലും വെള്ളത്തിലും അഴിഞ്ഞാടിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നടക്കം ഗുരുതര കണ്ടെത്തലുകളാണുള്ളത്.

എന്നാൽ ഉദ്ഘാടനവും മത്സരവും വൈകിപ്പിച്ചത് സി.ബി.എൽ ഭാരവാഹികളെന്നാണ് സംഘാടകരായ വെസ്റ്റ് ക്ലബിന്റെ കുറ്റപ്പെടുത്തൽ.

ടൗൺ ബോട്ട് ക്ലബിനെ അയോഗ്യരാക്കണം

മന:പ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച കുമരകം ടൗൺ ബോട്ട് ക്ലബിനെ ഇനിയുള്ള ലീഗ് മത്സരങ്ങളിൽ നിന്ന് അയോഗ്യരാക്കണമെന്നും, ബോണസ് തുക പിഴ ആയി അടപ്പിക്കണമെന്നമാണ് ടെക്നിക്കൽ കമ്മിറ്റി ശുപാർശ. മഴ മാറാൻ കാത്തുനിന്ന് മത്സരം വൈകിപ്പിച്ച മറ്റു ക്ലബുകൾക്കെതിരെയും നടപടി വേണമെന്നാണ് ടൗൺ ക്ലബിന്റെ ആവശ്യം. അയോഗ്യരാക്കിയാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.