sola

കോട്ടയം : നോക്കുകുത്തിയെന്നാൽ ഇതാണ്. ഒരു വഴിപാട് എന്നപോലെ സ്ഥിപിച്ചിട്ട് പോയി. ഇപ്പോൾ വെട്ടവുമില്ല വിളക്കുമില്ല. തെരുവ് വിളക്കുകൾ ശരിക്കും തെരുവിലാണെന്ന് പറയാം. ലക്ഷങ്ങൾ പൊടിച്ചത് മാത്രം മിച്ചം. പലതും വാഹനമിടിച്ച് റോഡിൽ അനാഥമായി കിടപ്പാണ്. ഇതോടെ എം.സി റോഡിൽ രാത്രിയാത്രയിൽ അപകട സാദ്ധ്യതയേറി. റോഡിൽ വെളിച്ചമില്ലാത്തതിനാൽ ഡിം അടിക്കാതെ എതിരെ വരുന്ന വാഹനങ്ങളാണ് അപകടത്തിന് ഇടയാക്കുന്നത്. ഏഴുവർഷം മുൻപ് ഉന്നത നിലവാരത്തിൽ റോഡ് നവീകരിച്ചപ്പോൾ സ്ഥാപിച്ച സോളാർ വിളക്കുകൾ തകരാറിലായിട്ടും അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. രാത്രിയിൽ വാഹനത്തിന്റെ വെളിച്ചത്തിൽ യാത്ര ചെയ്യുമ്പോൾ വിദൂരക്കാഴ്ച ലഭിക്കാതെ ഡ്രൈവർമാർ ബുദ്ധിമുട്ടുകയാണ്. ചെങ്ങന്നൂർ മുതൽ കുറവിലങ്ങാട് വരെ ഇതാണ് സ്ഥിതി. 47 കിലോമീറ്ററിൽ 1300 ലൈറ്റുകളാണ് സ്ഥാപിച്ചത്. ഓരോ 22 മീറ്ററിലും ലൈറ്റുകളുണ്ടായിരുന്നു.

സ്ഥാപിച്ച ആദ്യവർഷം ഇവയിൽ മിക്കവയും പ്രവർത്തിച്ചിരുന്നു. സൂര്യന്റെ വെളിച്ചം മങ്ങുന്നതോടെ പ്രകാശിച്ച് തുടങ്ങുന്ന ലൈറ്റുകൾ നേരം പുലരുമ്പോൾ അണയുന്ന തരത്തിലായിരുന്നു പ്രവർത്തനം.

എല്ലാം കട്ടോണ്ടുപോയി

സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ വിളക്കുകളുടെ സോളാർ പാനൽ, ബാറ്ററി തുടങ്ങിയവ പലയിടങ്ങളിലെയും മോഷണം പോയി. പല സ്ഥലങ്ങളിലും ലൈറ്റിനായി സ്ഥാപിച്ച തൂണുകൾ പോലും മോഷ്ടാക്കൾ കൊണ്ടുപോയ നിലയിലാണ്. കാലപ്പഴക്കത്തെ തുടർന്ന് ബാറ്ററികൾ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടികൾ ദ്രവിച്ച് അവശിഷ്ടങ്ങൾ താഴേക്ക് ഇളകി വീഴാൻ തുടങ്ങി. ചിലയിടങ്ങളിൽ വിളക്കുകാലുകളും കാടുമൂടിയ നിലയിലാണ്. വിളക്കില്ലാതെ നിൽക്കുന്ന തൂണുകൾ പലതും ചാഞ്ഞ് യാത്രക്കാർക്കും ഭീഷണിയൊരുക്കുകയാണ്.

കരാർ തീർന്നു. ലൈറ്റും ഡിം

തെരുവുവിളക്കുകളുടെ ഒരു വർഷത്തെ അറ്റകുറ്റപ്പണിയുടെ ചുമതല കരാറുകാരനായിരുന്നു. ലൈറ്റുകളുടെ മേൽനോട്ടവും ഇവർ തന്നെ നടത്തണം. എന്നാൽ കാലാവധി കഴിഞ്ഞതോടെ ഇവരും കൈയൊഴിഞ്ഞു.
പൊതുമരാമത്ത് വകുപ്പ് അധികൃതരും യാത്രക്കാരുടെ ദുരിതത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. വാഹനമിടിച്ചു വിളക്കുകാലുകൾ തകരുമ്പോൾ വാഹന ഉടമകളിൽനിന്ന് നഷ്ടപരിഹാരം വാങ്ങുന്നുണ്ടെങ്കിലും തുടർനടപടികളുണ്ടായില്ല.

''രാത്രികാല അപകടങ്ങൾക്ക് കാരണം മിക്കപ്പോഴും റോഡിലെ വെളിച്ചക്കുറവാണ്. നിലവാരമുയർത്തി നിർമ്മിച്ചശേഷം വെളിച്ചമില്ലെങ്കിൽ എങ്ങനെ റോഡിലൂടെ പോകും. നടപടി വൈകരുത്.

-രവീന്ദ്രൻ, യാത്രക്കാരൻ